കൊയിലാണ്ടി മൂടാടി മലബാര്‍ കോളേജിലെ ഇ.ഡി റെയിഡ് അവസാനിച്ചു; രേഖകള്‍ പിടിച്ചെടുത്തു
കൊയിലാണ്ടി: മൂടാടിയിലുള്ള മലബാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന അവസാനിച്ചു. ചൊവ്വാഴ്ച വൈകീട്ട് ആറ് മണിയോടെ കോളേജിലെത്തിയ ഇ.ഡി സംഘം മൂന്ന് മണിക്കൂറോളം പരിശോധന നടത്തിയ ശേഷം ഒമ്പത് മണിയോടെയാണ് തിരികെ പോയത്. കോളേജില്‍ നിന്ന് നിരവധി രേഖകള്‍ ഇ.ഡി പിടിച്ചെടുത്തുവെന്നാണ് ഇ.ഡി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
അതീവരഹസ്യമായാണ് ഇ.ഡി മലബാര്‍ കോളേജില്‍ പരിശോധനയ്‌ക്കെത്തിയത്. റെയ്ഡിനായി സംരക്ഷണം ആവശ്യപ്പെട്ട് എത്തിയപ്പോള്‍ മാത്രമാണ് കൊയിലാണ്ടി പൊലീസ് പോലും വിവരം അറിഞ്ഞത്. കോളേജിലെത്തിയ ഇ.ഡി സംഘം ഗെയിറ്റ് അടച്ച് കോമ്പൗണ്ടിലേക്ക് പോലും പുറത്ത് നിന്ന് ആരെയും പ്രവേശിപ്പിക്കാതെയാണ് പരിശോധന നടത്തിയത്. ജീവനക്കാരെ ഉള്‍പ്പെടെ കോളേജില്‍ നിന്ന് പുറത്ത് പോകാനും ഇ.ഡി ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. റെയ്ഡിന് പിന്നിലെ കാരണം എന്താണ് എന്ന് ഇതുവരെ വ്യക്തമല്ല.