നാദാപുരം കൈവേലിയില്‍ തെങ്ങില്‍ കുടുങ്ങിയ തൊഴിലാളിയെ അതിസാഹസികമായി രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന


നാദാപുരം: കൈവേലി അരയാക്കൂല്‍ തെങ്ങിന്റെ മുകളില്‍ കുടുങ്ങിയ
തൊഴിലാളിയെ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി. അരയാക്കൂല്‍ കിഴക്കയില്‍ വാസുവി (60) നെയാണ് അഗ്നിരക്ഷാ സേന അതിസാഹസികമായി രക്ഷപ്പെടുത്തിയത്.

നേരത്തെ തെങ്ങുകയറ്റ തൊഴിലാളിയായിരുന്ന വാസു വീട്ടാവശ്യത്തിനായി ഓലവെട്ടാനായി തെങ്ങിന്റെ മുകളില്‍ കയറിയതായിരുന്നു. തുടര്‍ന്ന് അവശത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് തെങ്ങില്‍ നിന്നും ഇറങ്ങാന്‍ കഴിയാതെ വരികയായിരുന്നു.

സംഭവമറിഞ്ഞെത്തിയ നാട്ടുകാര്‍ നാദാപുരം അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ സി.കെ ഷൈജേഷ് 20 മീറ്ററോളം ഉയരമുള്ള തെങ്ങിന്റെ മുകളില്‍ കയറി. നെറ്റ് ഉപയോഗിച്ച് വാസുവിനെ തെങ്ങിന്റെ മുകളില്‍ നിന്നും താഴെ ഇറക്കുകയായിരുന്നു.

രക്ഷാപ്രവര്‍ത്തനത്തിന് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ബി ജയപ്രകാശ് നേതൃത്വം നല്‍കി.