വെള്ളികുളങ്ങര സ്വദേശി മുഹമ്മദ് ഹൈദിന്‍ സലാഹിന്റെ മരണം; ആക്ഷന്‍ കമ്മിറ്റി ആശുപത്രിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ ജനരോഷമിരമ്പി


വടകര: വെള്ളികുളങ്ങരയിലെ അഞ്ചുവയസുകാരന്‍ മുഹമ്മദ് ഹൈദിന്‍ സലാഹിന്റെ മരണത്തില്‍ രോഷവുമായി വടകര സീയം ആശുപത്രിയിലേക്ക് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയ മാര്‍ച്ച് നടത്തി. കുട്ടിയുടെ മരണവുമായ ബന്ധപ്പെട്ട് കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് സംഘടിപ്പിച്ച മാര്‍ച്ചില്‍ നിരവധിപേര്‍ പങ്കെടുത്തു.

അഞ്ചുവിളക്ക് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് വീരഞ്ചേരിയില്‍ സീയം ആശുപത്രി പരിസരത്ത് പോലീസ് തടഞ്ഞു. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഗിരിജ ജനകീയമാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പി ശ്രീജിത്ത് അധ്യക്ഷത വഹിച്ചു.

വടകര മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ പി സജീവ്കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം എന്‍.എം വിമല, രാഷ്ട്രീയപാര്‍ട്ടി നേതാക്കളായ ടി.പി ബിനേഷ്, പി.പി ജാഫര്‍, കെ അശോകന്‍, സുനില്‍ മടപ്പള്ളി, ചന്ദ്രന്‍ കുളങ്ങര, പറമ്പത്ത് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.

കണ്‍വീനര്‍ ജൗഹര്‍ വെളളികുളങ്ങര സ്വാഗതവും വാര്‍ഡ് മെമ്പര്‍ സി.കെ ചന്ദ്രി നന്ദിയും പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ നടപടി കൈക്കൊള്ളുംവരെ സമരവുമായി മുന്നോട്ട് പോകുമെന്ന് ആക്ഷന്‍ കമ്മിറ്റി വ്യക്തമാക്കി.

കഴിഞ്ഞ ബുധനാഴ്ച്ചയായിരുന്നു വെള്ളികുളങ്ങര പായിക്കുണ്ടില്‍ ജമീലയുടെയും ആരിഫിന്റെയും മകനായ മുഹമ്മദ് ഹൈദിന്‍ മരണപ്പെട്ടത്. കുട്ടിയുടെ മരണത്തില്‍ വടകര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.