താപം താങ്ങാനാവാതെ കേരളം; ഉയരുന്ന ഉഷ്ണത്തില്‍ താപശരീര ശോഷണം മുതല്‍ സൂര്യാഘാതം വരെ, ശാരീരത്തിന് നല്‍കാം കൂടുതല്‍ കരുതല്‍


രോ ദിവസം കഴിയുന്തോറും ചൂട് കൂടിക്കൂടി വരുന്ന അവസ്ഥയാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. സംസ്ഥാനത്ത് തുടര്‍ച്ചയായി ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ വരെ പുറപ്പെടുവിച്ചിട്ടുണ്ട്. ചൂടിന്റെ ക്രമാതീതമായ വര്‍ധനവ് പകര്‍ച്ച വ്യാധികളുള്‍പ്പെടെ പലവിധ ശാരീരികാസ്വസ്ഥതകള്‍ക്കും കാരണമാവുന്നുണ്ട്. ചൂട് മൂലമുണ്ടാവുന്ന ശാരീരിക പ്രയാസങ്ങളില്‍ മുന്‍പനാണ് സൂര്യാഘാതം, താപശരീര ശോഷണം എന്നിവ.

സൂര്യാഘാതം, താപശരീര ശോഷണം എന്നിവ എന്താണ്, എന്തെല്ലാമാണ് അതുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍, ഇത്തരം പ്രശ്നങ്ങള്‍ വന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്, പ്രതിരോധ മാര്‍ഗങ്ങള്‍ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങള്‍ നമുക്ക് പരിശോധിക്കാം.

സൂര്യാഘാതം 

ഒരു പരിധിക്കപ്പുറം അന്തരീക്ഷ താപം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവും പിന്നീട് ശരീരത്തിലുണ്ടാവുന്ന താപം ശരിയായ രീതിയില്‍ പുറത്തേക്ക് കളയുന്നതിന് വരെ തടസം നേരിട്ടേക്കാം. ഇതിനെ തുടര്‍ന്ന് ശരീരത്തിന്റെ പല നിര്‍ണായക പ്രവര്‍ത്തനങ്ങളും തകരാറിലായേക്കാം. ഈ അവസ്ഥയെയാണ് സൂര്യാഘാതം എന്ന് പറയുന്നത്.

103 ഡിഗ്രി ഫാരന്‍ഹീറ്റിനോടടുത്ത് വരുന്ന ഉയര്‍ന്ന ശരീരതാപം, ശരീരം വരണ്ട് ചുവന്ന നിലയിലാവുക, ശക്തമായ തലവേദന, തലകറക്കം, നാഡിമിടിപ്പ് മന്ദഗതിയിലാവുക, മാനസികാവസ്ഥ തകരാറിലാവുക അബോധാവസ്ഥയിലെത്തുക തുടങ്ങിയ ലക്ഷണങ്ങള്‍ സൂര്യാഘാതം മൂലം ഉണ്ടായേക്കാം. ഇത്തരത്തില്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ ഡോക്ടറുടെ സേവനം തോടേണ്ടതാണ്.

സൂര്യാതപമേറ്റുള്ള താപ ശരീരശോഷണം

സഹിക്കാനാവാത്ത ചൂടിനെ തുടര്‍ന്ന് ശരീരത്തില്‍ നിന്ന് ധാരാളം ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നതിനെ തുടര്‍ന്ന് ഉണ്ടാകുന്ന ശാരീരികാവസ്ഥയെയാണ് താപ ശരീര ശോഷണം എന്ന് പറയുന്നത്.

ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛര്‍ദ്ദിയും, അസാധാരണമായ വിയര്‍പ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും കടും മഞ്ഞ നിറമാകുകയും ചെയ്യുക, ബോധക്ഷയം എന്നീ ലക്ഷണങ്ങളാണ് ഇതിന്റെ ഭാഗമായി പ്രകടമാവുക. ഉടനടി ശരിയായ  ചികിത്സ ലഭിച്ചില്ലെങ്കില്‍ താപശരീര ശോഷണം സൂര്യാഘാതത്തിന്റെ അവസ്ഥയിലേക്ക് വഴിമാറാം.

ഈ രണ്ട് അവസ്ഥയിലേക്ക് എത്തിയാലും ചെയ്യേണ്ട കാര്യങ്ങള്‍

ഇത്തരം ശാരീരികാവസ്ഥയിലേക്ക് എത്തിയതായി സംശയം തോന്നിയാല്‍ ഉടന്‍ വെയിലുള്ള സ്ഥലത്ത് നിന്ന് തണുത്ത, തണലുള്ള സ്ഥലത്തേക്ക് മാറിനിന്ന് വിശ്രമിക്കണം. കൂടാതെ കട്ടികൂടിയ വസ്ത്രങ്ങള്‍ നീക്കി തണുത്ത വെള്ളം കൊണ്ട് ഇടക്കിടെ ശരീരം തുടക്കണം. ധാരാളം വെള്ളം കുടിക്കണം.
ഭക്ഷണത്തില്‍ പഴങ്ങളും സാലഡുകളും ഉള്‍‌പ്പെടുത്താന്‍ ശ്രമിക്കണം. ആരോഗ്യ സ്ഥിതിയില്‍ പുരോഗമനം ഉണ്ടായില്ലെങ്കില്‍  അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പുവരുത്തുക.

അറുപത്തിയഞ്ചിന് മുകളിലുള്ള മുതിര്‍ന്ന പൗരന്‍മാര്‍, ഗര്‍ഭിണികള്‍, നാല് വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ , ഗുരുതരമായ രോഗമുള്ളവര്‍, വെയിലത്ത് ജോലി ചെയ്യുന്നവര്‍ തുടങ്ങിയവര്‍ താപ ശരീര ശോഷണം, സൂര്യാഘാതം എന്നീ അവസ്ഥകളില്‍ എത്തിപ്പെടാതെ പ്രത്യേകം ശ്രദ്ധിക്കണം.

പ്രതിരോധ മാര്‍ഗങ്ങള്‍

  • ഇടക്കിടെ ധാരാളം വെള്ളം കുടിക്കുക
  • യാത്രകളില്‍ തിളപ്പിച്ചാറിയ വെള്ളം കരുതുക
  • യാത്രകള്‍ വേണ്ടി വരുമ്പോള്‍ തിളപ്പിച്ചാറ്റിയ വെള്ളം തുടങ്ങി നിര്‍ജ്ജലീകരണത്തിന് കാരണമാവുന്ന പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക
  • കുട്ടികളെം വെയിലത്ത് കളിക്കാന്‍ അനുവദിക്കരുത്
  • വെയിലത്ത് പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരിക്കരുത്
  • ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടരുത്
  • കാറ്റ് കയറി ചൂട് പുറത്ത് പോകത്തക്ക രീതിയില്‍ വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടണം
  • വെളുത്തതോ, ഇളം നിറത്തിലുള്ളതോ ആയ കട്ടി കുറഞ്ഞ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക
  • പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍, കുട,തൊപ്പി എന്നിവ ഉപയോഗിക്കുക.