കാര്യവട്ടം ക്യാമ്പസിൽ കണ്ടെത്തിയ അസ്ഥികൂടം തലശ്ശേരി സ്വദേശിയുടേതെന്ന് സംശയം; ഡ്രൈവിംഗ് ലൈസൻസ് കണ്ടെടുത്തു


തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസില്‍ നിന്നും ഇന്നലെ കണ്ടെത്തിയ അസ്ഥിക്കൂടം തലശ്ശേരി സ്വദേശിയുടേതെന്ന് സംശയം. തലശ്ശേരി സ്വദേശിയായ അവിനാഷിന്റെ പേരിലുള്ള ഡ്രൈവിങ്ങ് ലൈസന്‍സ് ടാങ്കിനുള്ളില്‍ നിന്നും പോലീസിന് ലഭിച്ചു. ഒപ്പം ടാങ്കിനുള്ളില്‍ നിന്നും തൊപ്പിയും കണ്ണടയും കണ്ടെത്തി.

ഇന്നലെ വൈകുന്നേരമാണ് ക്യാമ്പസിനുള്ളിലെ ബോട്ടണി ഡിപ്പാര്‍ട്ട്‌മെന്‌റിനോട് ചേര്‍ന്നുള്ള വാട്ടര്‍ അതോറിറ്റിയുടെ പഴയ ടാങ്കിനുള്ളില്‍ അസ്ഥിക്കൂടം കണ്ടെത്തിയത്‌. ക്യാമ്പസിലെ ജീവനക്കാരനാണ് ആദ്യം സംഭവം കണ്ടത്. ടാങ്കിനുള്ളില്‍ 15 അടി താഴ്ചയിലാലായിരുന്നു അസ്ഥിക്കൂടം.

പാന്റും ഷര്‍ട്ടുമാണ് അസ്ഥിക്കൂടത്തിലുണ്ടായിരുന്നത്. അസ്ഥിക്കൂടം ഫോറന്‍സിക് സംഘം പരിശോധിച്ചു വരികയാണ്. ടാങ്കിന് സമീപം ശുചീകരിക്കാനെത്തിയപ്പോഴായിരുന്നു ടാങ്കിന്റെ മാന്‍ഹോള്‍ വഴി അസ്ഥിക്കൂടം കണ്ടെത്തിയത്. വിവരമറിഞ്ഞ് കഴക്കൂട്ടം പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയെങ്കിലും മതിയായ സുരക്ഷയില്ലാത്തതിനാല്‍ ഇന്നലെ അസ്ഥിക്കൂടം ടാങ്കിനുള്ളില്‍ നിന്നും എടുത്തിരുന്നില്ല. തുടര്‍ന്ന് ഇന്ന് രാവിലെ ടാങ്കില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയശേഷമായിരുന്നു അസ്ഥിക്കൂടം പുറത്തെത്തിച്ചത്.