പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ


കണ്ണൂർ: പ്രണയാഭ്യർഥന നിരസിച്ചതിന്‌ പാനൂർ സ്വദേശിയായ വിഷ്ണുപ്രിയയെ വീട്ടിനകത്ത് അതിക്രമിച്ചു കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്യാംജിത്തിന് (27) ജീവപര്യന്തം തടവും രണ്ടുലക്ഷം പിഴയും. തലശേരി അഡീഷണൽ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. വീട്ടില്‍ അതിക്രമിച്ചു കയറിയതിന് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി.

കേസിൽ ശ്യാംജിത്ത് കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി വിധിച്ചിരുന്നു. 2022 ഒക്ടോബർ 22നായിരുന്നു വിഷ്ണുപ്രിയയെ പ്രതി തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തിയത്‌. മരിച്ച ശേഷവും ശരീരത്തിൽ കുത്തിപ്പരിക്കേൽപ്പിച്ചു. 29 മുറിവുകളാണ് വിഷ്ണുപ്രിയയുടെ ശരീരത്തിലുണ്ടായിരുന്നത്.

വിഷ്ണുപ്രിയ ആൺസുഹൃത്തുമായി വീഡിയോ കോൾ ചെയ്യുന്ന സമയത്തായിരുന്നു പ്രതി ആയുധങ്ങളുമായി വീട്ടിലേക്ക് എത്തിയത്. ശ്യാജിത്ത് വിഷ്ണുപ്രിയയുടെ വീട്ടിലേക്ക് കയറി വന്നത് ഈ വീഡിയോ കോളിൽ പതിഞ്ഞിരുന്നു. കേസില്‍ ശ്യാംജിത്ത് കുറ്റക്കാരനെന്ന് കണ്ടെത്തിയത് ഈ വീഡിയോ കോളിലെ ഈ 13 സെക്കന്‍റ് ദൃശ്യങ്ങളായിരുന്നു.

ശ്യാംജിത്തിനെ വിഷ്ണുപ്രിയ സുഹൃത്തിന് വീഡിയോ കോളിൽ കാണിച്ചുകൊടുത്തു. പ്രതിയുടെ പേരും വിഷ്ണുപ്രിയ സുഹൃത്തിനോട് ഉച്ചത്തിൽ പറഞ്ഞിരുന്നു. ഇയാളുടെ ചിത്രം സുഹൃത്ത് സ്ക്രീൻ റെക്കോർഡ് ചെയ്തിരുന്നു. ഇതും പൊലീസിന് നൽകിയിരുന്നു.

മുന്‍കൂട്ടി പദ്ധതിയിട്ടാണ് ശ്യാംജിത്ത് കൊലപാതകം നടത്തിയതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഇത് സാധൂകരിക്കുന്നതിനായി സംഭവത്തിനു രണ്ട് ദിവസം മുന്‍പ് കൂത്തുപറമ്പിലെ കടയിൽനിന്ന് പ്രതി ചുറ്റികയും കൈയുറയും വാങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.

2023 സെപ്റ്റംബർ 21നാണ് വിചാരണ തുടങ്ങിയത്. വിഷ്ണുപ്രിയയുടെ സഹോദരിമാർ, സുഹൃത്ത് വിപിൻരാജ് തുടങ്ങി 49 സാക്ഷികളെ കോടതിയില്‍ വിസ്തരിച്ചത്‌. സ്വന്തമായി നിർമിച്ച ഇരുതല മൂർച്ചയുള്ള കത്തിയാണ് പ്രതി കൊല ചെയ്യൻ ഉപയോഗിച്ചത്. ഗൂഗിളിൽ സെർച്ച് ചെയ്താണ് കൊല ആസൂത്രണം ചെയ്തത്. സംഭവത്തില്‍ പ്രതിയെ പിടികൂടാന്‍ ഏറെ നിര്‍ണായകമായത് വിഷ്ണുപ്രിയയുടെ സുഹൃത്തിന്റെ മൊഴികളായിരുന്നു. കൊലയ്ക്കു ശേഷം ബൈക്കിൽ കയറി രക്ഷപെട്ട പ്രതിയെ പിടികൂടാനായി സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിക്കുകയും നാട്ടുകാരോട് വിവരം തേടുകയും ചെയ്യുന്നതിനിടെയാണ് ഈ മൊഴി ലഭിക്കുന്നത്.