അടുത്ത കുറച്ച് ദിവസങ്ങളിലേക്ക് റേഷന്‍ കടയില്‍ പോയി മടങ്ങേണ്ട, സെര്‍വര്‍ തകരാര്‍ പരിഹരിക്കപ്പെട്ടിട്ടില്ല; വാങ്ങാന്‍ കഴിയാത്തവര്‍ വിഷമിക്കേണ്ട, വിതരണം മെയ് അഞ്ച് വരെ


സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ മൂന്നു ദിവസം വേണ്ടിവരുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍ പറഞ്ഞു. എന്‍.ഐ.സിയുടെ സെര്‍വറിലെ തകരാര്‍ കാരണം കഴിഞ്ഞ രണ്ടു ദിവസമായി റേഷന്‍ വിതരണം മുടങ്ങിയിരിക്കുകയാണ്. ഇന്നലെ തകരാര്‍ പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. 29ന് തകരാര്‍ പരിഹരിച്ചാലും 30ന് ഞായറാഴ്ചയും മേയ് ഒന്നിന് തൊഴിലാളി ദിനം പ്രമാണിച്ച് അവധിയുമാണ്. ഇതിനാലാണ് അഞ്ചാം തീയതി വരെ വിതരണം നടത്താന്‍ തീരുമാനിച്ചത്.

ഏപ്രില്‍ മാസത്തെ റേഷന്‍ വിതരണത്തിനു നാലുദിനം മാത്രം ശേഷിക്കെ ആകെ ഉള്ള 93.53 ലക്ഷം കാര്‍ഡ് ഉടമകളില്‍ 42.36 ലക്ഷം പേര്‍ മാത്രമാണ് റേഷന്‍ വാങ്ങിയിട്ടുള്ളത്. സെര്‍വര്‍ തകരാര്‍ കാരണം രണ്ടു ദിവസങ്ങളിലായി രണ്ടു ലക്ഷം പേര്‍ക്ക് മാത്രമാണ് റേഷന്‍ വിതരണം ചെയ്യാനായത്. 10 ലക്ഷം പേര്‍ക്കെങ്കിലും റേഷന്‍ ലഭിക്കാതെ പോയിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെ 1.61 ലക്ഷം ഇടപാടുകള്‍ ഇ പോസില്‍ നടന്നെങ്കില്‍ ഇന്നലെ അത് 84,891 എണ്ണം മാത്രമാണ്. പ്രതിദിനം 4 മുതല്‍ 5 ലക്ഷം വരെ ഇടപാടുകള്‍ നടക്കുന്ന സ്ഥാനത്താണിത്. ചൊവ്വാഴ്ച രാവിലെ ഒന്‍പതരയോടെയാണ് സെര്‍വര്‍ തകരാറിലായത്.