വിവിധ പരിപാടികളോടെ പുതുപ്പണം കടത്തനാട് കെ.പി.സി.ജി.എം കളരിസംഘത്തിന്റെ അറുപതാം വാർഷികാഘോഷം


വടകര: കടത്തനാട് കെ.പി.സി.ജി.എം കളരിസംഘത്തിന്റെ അറുപതാം വാർഷികാഘോഷം ‘ഖളൂരിക 2023-2024’ വിവിധ പരിപാടികളോടെ നടത്തി. ആഘോഷത്തിന്റെ ഭാഗമായി കളരിസംഘത്തിൽ വച്ച് ബോധവൽക്കരണ ക്ലാസും ക്വിസ് മത്സരവും നടന്നു.

വാർഡ് കൗൺസിലർ പി.കെ.ബാലകൃഷ്ണൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു. കെ.ശ്രീധരൻ അധ്യക്ഷനായി. കുട്ടികളുടെ മാനസിക ശാരീരിക ആരോഗ്യത്തിന് ആയോധന കലകൾക്കുള്ള പങ്ക് എന്ന വിഷയത്തെ കുറിച്ച് ഡോ. ബിന്ദു അരവിന്ദും യുവതലമുറയിലെ ലഹരി ഉപയോഗവും നിയമലംഘനങ്ങളും എന്ന വിഷയത്തെ കുറിച്ച് നർകോട്ടിക്ക് സെൽ സബ് ഇൻസ്‌പെക്ടർ ഷാജി കേദാരവും ക്ലാസ് എടുത്തു.

ചടങ്ങിൽ ഗുരുക്കൾ മധു പുതുപ്പണം സ്വാഗതവും കെ.എം.ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന ക്വിസ് മത്സരത്തിൽ സൂര്യ കിരൺ ഒന്നാം സ്ഥാനവും ദേവപ്രദ രണ്ടാം സ്ഥാനവും ഋത്വിക് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.