‘ചെടി കഞ്ചാവെന്ന് സ്ഥിരീകരിക്കാനോ അല്ലെന്ന് തെളിവു നല്‍കാനോ പോലീസിന് കഴിയാത്തത് വന്‍ വീഴ്ച’; കഞ്ചാവ് ചെടി വിവാദം, വടകര പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ച് ജനകീയ മുന്നണി


വടകര: നഗരസഭ സ്ഥാപിച്ച ചെടിച്ചട്ടിയില്‍ കഞ്ചാവ് കണ്ടെത്തിയെന്ന ആരോപണം, സംഭവത്തില്‍ പോലീസ് നടത്തിയ നിരുത്തരവാദ സമീപനത്തിനെതിരെ പ്രതിഷേധവുമായി ജനകീയ മുന്നണി. യുഡിഎഫ്-ആര്‍എംപിഐ അടങ്ങിയ ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ വടകര പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.

വിഷയത്തില്‍ വടകര നഗരസഭ ഒളിച്ചുകളി നടത്തന്നെന്നും പോലീസ് സംഭവം അട്ടിമറി നടത്തുന്നെന്നും ആരോപിച്ചും മാധ്യമ ഓഫീസ് കയ്യേറ്റത്തിനെതിരെയുമായിരുന്നു പ്രതിഷേധം. പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ചില്‍ വന്‍ രോഷമിരമ്പി. മാര്‍ച്ച് സ്റ്റേഷന് സമീപം പോലീസ് തടഞ്ഞു.

മുന്‍ എംഎല്‍എയും ലീഗ് സംസ്ഥാന സെക്രട്ടറിയുമായ പാറക്കല്‍ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. പോലീസ് കണ്ടെടുത്ത ചെടി കഞ്ചാവെന്ന് സ്ഥിരീകരിക്കാനോ അല്ലെന്ന് തെളിവു നല്‍കാനോ പോലീസിന് കഴിഞ്ഞില്ലെന്നത് വന്‍ വീഴ്ചയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ലഹരി വസ്തുക്കളോ ചെടികളോ കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ പാലിക്കേണ്ട നിയമപരമായ നടപടികള്‍ പോലീസ് കൈക്കൊണ്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് വടകര ബ്ലോക്ക് പ്രസിഡന്റ് കുരിയാടി സതീശന്‍ അധ്യക്ഷത വഹിച്ചു.