‘തറവില നിശ്ചയിച്ച് കാർഷികോല്പന്നങ്ങൾ കേന്ദ്ര സർക്കാർ സംഭരിക്കണം’; സമര സായാഹ്നത്തിന്റെ പ്രചാരണ ജാഥക്ക് വടകരയിൽ തുടക്കമായി


മണിയൂർ: കാർഷികോത്പന്നങ്ങളുടെ വിലയിടിവിനെതിരെയുള്ള സമര സായാഹ്നത്തിന്റെ പ്രചരണത്തിന്റെ ഭാ​ഗമായി കർഷക സംഘം വടകര ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രചാരണ ജാഥക്ക് തുടക്കമായി. നാളികേരം, റബ്ബർ തുടങ്ങിയ കാർഷികോല്പന്നങ്ങളുടെ വിലയിടിവിനെതിരെ തറവില നിശ്ചയിച്ച് കാർഷികോല്പന്നങ്ങൾ കേന്ദ്ര സർക്കാർ സംഭരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജൂൺ ആറിന് കർഷക സംഘത്തിന്റെ നേതൃത്വത്തിൽ സമര സായാഹ്നം സംഘടിപ്പിക്കുന്നത്. പ്രചാരണ ജാഥ മന്തരത്തൂർ വായനശാല സമീപം കർഷക സംഘം ജില്ലാ ജോ.സെക്രട്ടറി സി ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ കെ ശശിധരൻ അധ്യക്ഷനായി. ജാഥാ ലീഡർ എം നാരായണൻ, ആർ ബാലറാം, പി പി രഞ്ജിനി, മാണിക്കോത്ത് രാഘവൻ എന്നിവർ സംസാരിച്ചു. പി പ്രമോദ് സ്വാഗതം പറഞ്ഞു.

രാവിലെ ആരംഭിച്ച ജാഥ ചങ്ങരോത്ത് താഴ, മണിയൂർ ഹൈസ്കൂൾ, പതിയാരക്കര നടുവയൽ, പുതുപ്പണം ഹാശ്മി നഗർ, പുതുപ്പണം അങ്ങാടി താഴ, വടകര സഹകരണ ആശുപത്രി, പഴങ്കാവ്, പുതിയാപ്പ്, കുറുമ്പയിൽ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം കുട്ടോത്ത് കാവിൽ റോഡ് സമാപിക്കും.