‘കളിക്കൂട്ടുകാരനെ മർദ്ദിച്ചതിന് പ്രമാണിമാരുടെ ഉത്സവപ്പറമ്പിലേക്ക് തീക്കൊട്ട വലിച്ചെറിഞ്ഞു, ലോകനാർകാവിലെത്തി പൂരപ്പാട്ട് പാടി താണ്ഡവനൃത്തമാടി’; കല്ലേരി കുട്ടിച്ചാത്തന്റെ കനലെരിയും ഐതീഹ്യകഥ വായിക്കാം


നീനുശ്രീ ബി.

പ്രകൃതി സൗന്ദര്യം കൊണ്ട് അനുഗ്രഹീതമായ ഭൂപ്രകൃതി. എല്ലാ ദിവസവും സൂര്യാസ്തമയത്തിന് ശേഷം തെളിയിക്കുന്ന കൽവിളക്കുകൾ. നാടിന്റെ നാനാഭാഗത്ത് നിന്നും എത്തുന്ന ഭക്തർ. കല്ലേരി കുന്നും അരൂർ മലയും അതിരിടുന്ന, വടകര-മാഹി ജലപാത സമീപത്തുള്ള ഒരു കൊച്ചു ക്ഷേത്രത്തെ കുറിച്ചാണ് പറഞ്ഞു വരുന്നത്. വിളിച്ചാൽ വിളികേൾക്കുമെന്ന് ഭക്തർ വിശ്വസിക്കുന്ന കല്ലേരി കുട്ടിച്ചാത്തൻ ക്ഷേത്രം.

മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമാണ് കല്ലേരി കുട്ടിച്ചാത്തൻ ക്ഷേത്രം. ക്ഷേത്രത്തിലെ പതിവ് ചടങ്ങുകളോളം തന്നെ പ്രാധാന്യമാണ് സാമൂഹ്യ സേവനത്തിനും ഈ ക്ഷേത്രം നൽകുന്നത്. ഏത് ക്ഷേത്രത്തിനുമെന്ന പോലെ കല്ലേരി കുട്ടിച്ചാത്തൻ ക്ഷേത്രത്തിനും ഒരു ഐതീഹ്യമുണ്ട്. ഉച്ചനീചത്വങ്ങളുടെയും ക്രൂരതയുടെയും പ്രതികാരത്തിന്റെയുമെല്ലാം കനലെരിയുന്ന ഐതീഹ്യം.

കുട്ടിച്ചാത്തന്റെ കഥ ആരംഭിക്കുന്നത് ഏകദേശം ആറു നൂറ്റാണ്ടിനു അപ്പുറത്താണ്. കണ്ണൂർ, പയ്യന്നൂരിലെ കാളകാട്ട് ഇല്ലത്തെ ഒരു ആഢ്യൻ നമ്പൂതിരിക്ക് താഴ്ന്ന സമുദായത്തിൽപ്പെട്ട ഒരു സ്ത്രീയിൽ ഉണ്ടായ മകനായിരുന്നു കുട്ടിച്ചാത്തൻ. പൂര്‍ണ ഗര്‍ഭിണിയായിരുന്ന സമയത്തും ആ സ്ത്രീക്ക് വയലിൽ പണിയെടുക്കേണ്ടതായി വന്നു. വേദന കലശലായപ്പോള്‍ അടുത്തുള്ള കുറ്റികാട്ടിലാണ് ആ സ്ത്രീ പ്രസവിച്ചത്.

ബാല്യത്തിൽ തന്നെ തീർത്തും അവഗണിക്കപ്പെട്ടതു ചാത്തന് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. അച്ഛൻ നമ്പൂതിരി, മറ്റു നമ്പൂതിരി കുട്ടികൾക്കൊപ്പം കുട്ടിച്ചാത്തനും വിദ്യാഭ്യാസത്തിനുള്ള ഏർപ്പാടുകൾ ചെയ്തിരുന്നു. കുഞ്ഞു മനസിനെ വല്ലാതെ നോവിച്ചിരുന്നത് മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായിരുന്ന പഠനരീതിയായിരുന്നു. അധികം താമസിയാതെ തന്നെ കുട്ടിച്ചാത്തൻ വീട് ഉപേക്ഷിച്ചു.

ഇന്നത്തെ ലോകനാർകാവിൽ വച്ചാണ് മലമത്താൻ കുങ്കനെ കുട്ടിച്ചാത്തന് കൂട്ടുകിട്ടിയത്. ലോകനാർകാവിൽ ഉത്സവ സമയമായിരുന്നു അത്. നാല് തറവാട്ടുകാർക്കായിരുന്നു ഉത്സവത്തിന്റെ ചുമതല. അതിൽ ഓലക്കുട കെട്ടിവെക്കാനുള്ള അവകാശം കുങ്കനായിരുന്നു. ഉത്സവദിവസം കുട്ടിച്ചാത്തനെ കാത്തിരുന്ന കുങ്കൻ, വൈകുന്നേരമായിട്ടും ഓലക്കുട എടുത്തുവെക്കാതിരുന്നതിന് കഠിനമായ മർദ്ദനം ഏൽക്കേണ്ടതായി വന്നു.

കുങ്കന്റെ സങ്കടങ്ങളറിഞ്ഞ കുട്ടിച്ചാത്തൻ ഉത്സവ പന്തലിലേക്ക് തീക്കൊട്ട വലിച്ചെറിഞ്ഞു പ്രതിഷേധിച്ചു. അതിന്റെ പ്രത്യാഘാതം കഠിനമായിരുന്നു. കുങ്കനെ നാട്ടുപ്രമാണിമാർ പിടികൂടി കെട്ടിത്തൂക്കി. കോപാകുലനായ കുട്ടിച്ചാത്തൻ, കുങ്കന്റെ കഴുത്തിലെ കുരുക്കഴിച്ചു, ലോകനാർകാവിലെത്തി. അവിടെ പൂരപ്പാട്ട് പാടി, താണ്ഡവ നൃത്തമാടി കല്ലേരി ഭാഗത്തേക്ക് നടന്നു നീങ്ങി. പിന്നീട് കുട്ടിച്ചാത്തനെ കണ്ടവരില്ലെന്നാണ് പറയപ്പെടുന്നത്.

പിന്നീടുള്ള കാലം കല്ലേരിയിലെ ജനങ്ങളുടെ പ്രാർത്ഥന കേട്ട്, കുട്ടിച്ചാത്തൻ അവിടെ തന്നെയുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. അറിഞ്ഞു വിളിക്കുന്നവനെ ഒരിക്കലും കൈവിടാത്ത ശക്തിസ്വരൂപനായി വിശ്വാസികൾ കുട്ടിച്ചാത്തനെ കാണുന്നു.

ഈ ക്ഷേത്രത്തിൽ ഇന്ന് കേരളത്തിൽ നിന്നും അയൽ സംസ്ഥാനമായ കർണാടകയിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും നിരവധി പേരാണ് എത്തുന്നത്. ക്ഷേത്രത്തിന്റെ ദൈനംദിന പ്രവർത്തനത്തോടൊപ്പം സാമൂഹികസേവനം, ആതുര ശുശ്രൂഷ, സാംസ്‌കാരിക വളർച്ച, സാമുദായിക ഐക്യം എന്നിവയ്ക്കും കല്ലേരി ക്ഷേത്രഭാരവാഹികൾ പ്രാധാന്യം നൽകി വരുന്നു. ക്ഷേത്ര കമ്മറ്റിയുടെ പ്രവർത്തനം മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായിട്ടുള്ള ശൈലിയിലാണ് നടത്തി വരുന്നത്.

ക്ഷേത്രോത്സവത്തിന് പരിസര പ്രദേശത്തുനിന്നും മറ്റ് സ്ഥലങ്ങളിൽ നിന്നുമായി ധാരാളം ആളുകൾ എത്തിച്ചേരുകയും ആഘോഷങ്ങളിൽ ഉത്സാഹപൂർവ്വം പങ്കുകൊള്ളുകയും ചെയ്തു വരുന്നു. ഓരോ വർഷവും അഞ്ച് ദിവസം നീണ്ട ഉത്സവം (തിറ മഹോത്സവം) ക്ഷേത്രത്തിൽ നടന്നുവരുന്നു. സാധാരണയായി മലയാള മാസം ധനുവിലെ ആദ്യ വെള്ളിയാഴ്ച പ്രധാന ദിവസമായി ആഘോഷിച്ചു വരുന്നു.

ഉത്സവ ദിനങ്ങളിൽ ആചാര പ്രകാരമുള്ള വിവിധ ചടങ്ങുകൾ നടന്നുവരുന്നു. ദേശത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ആശാരി വരവ്, കൊല്ലൻ വരവ്, താലപ്പൊലി, പൂക്കലശം വരവ്, ഇളനീർ വരവ് തുടങ്ങിയവ ക്ഷേത്രത്തിൽ എത്തിച്ചേരുകയും തുടർന്ന് വെള്ളാട്ട്, തിറ അനുഷ്ഠാനങ്ങളും കർമ്മങ്ങളും ക്ഷേത്ര സന്നിധിയിൽ നടത്തപ്പെടുന്നു.