ദേശീയപാതാ വികസന പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നു; മുക്കാളിയിൽ മണ്ണിടിച്ചിൽ തുടർക്കഥയാവുന്നു, തിരിഞ്ഞ് നോക്കാതെ അധികൃതർ


അഴിയൂർ: ദേശീയപാതയിൽ മുക്കാളിയിൽ മണ്ണിടിച്ചിൽ തുടർക്കഥയാവുന്നു. മീത്തലെ മുക്കാളിയിലാണ് വീണ്ടും മണ്ണിടിച്ചിൽ തുടരുന്നത്. ദേശീയപാതാ വികസന പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നതിനിടെയാണ് നാട്ടുകാർക്ക് ഭീഷണിയായി മണ്ണിടിയുന്നത്.

നേരത്തേ രണ്ട് തവണ മണ്ണിടിച്ചിൽ ഉണ്ടായപ്പോൾ പ്രദേശവാസികൾ ദേശീയപാതാ അധികൃതരെ അറിയിക്കുകയും എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായില്ല.

മണ്ണിടിച്ചിൽ തുടരുന്നത് പ്രദേശത്തെ വീടുകൾക്ക് ഭീഷണിയാണ്. മഴ ശക്തമായതോടെ ഘട്ടംഘട്ടമായി മണ്ണ് ഇടിഞ്ഞ് പോവുകയാണ്. നിലവിൽ പണി നടക്കുന്നതിനാൽ മണ്ണെടുക്കാത്ത മുകൾഭാഗത്തുകൂടി മാത്രമാണ് വാഹനങ്ങൾ പോകുന്നത്.

വലിയ ഭാരമേറിയ വാഹനങ്ങൾ താഴത്തുകൂടി വിട്ടിരുന്നു. മണ്ണിടിച്ചിൽ തുടങ്ങിയതോടെ അപകടഭീഷണി കാരണം ഇതുവഴി പൂർണമായി ഗതാഗതം നിർത്തുകയായിരുന്നു. മഴ തുടരുകയാണെങ്കിൽ മറുഭാഗത്തും വലിയ അപകടസാധ്യത ഉണ്ടെന്ന് നാട്ടുകാർ പറയുന്നു.