കടല്‍ക്കാറ്റിന്റെ തഴുകലിനോടൊപ്പം കോഴിക്കോടിന്റെ രുചിക്കൂട്ടും ആസ്വദിക്കാം; ബീച്ചില്‍ ഫുഡ് സ്ട്രീറ്റ് ഹബ്ബിന് 26ന് തറക്കല്ലിടും


കോഴിക്കോട്: കടല്‍ കാഴ്ച്ചകള്‍ ആസ്വദിക്കാനായി എത്തുന്നവര്‍ക്ക് രുചിയൂറുന്ന ഭക്ഷണവും. കോഴിക്കോട് ബീച്ചില്‍ മോഡേണ്‍ ഫുഡ് സ്ട്രീറ്റ് ഹബ്ബ് (തെരുവുഭക്ഷണ വില്‍പ്പനകേന്ദ്രം) ആരംഭിക്കാനൊരുങ്ങുന്നു. ഫുഡ് സ്ട്രീറ്റ് ഹബ്ബിന് 26 ന് മന്ത്രി എം.ബി. രാജേഷ് തറക്കല്ലിടും.

ഭക്ഷ്യസുരക്ഷാവകുപ്പിന്റെയും കോര്‍പ്പറേഷന്റെയും പദ്ധതികള്‍ ഒന്നിച്ചുചേര്‍ത്താണ് ബീച്ചില്‍ പ്രത്യേക ഇടമൊരുക്കുന്നത്. കോര്‍പ്പറേഷന്‍ ഓഫീസിന് മുന്‍വശത്തുള്ള സ്ഥലമാണ് ഇതിനായി ഉദ്ദേശിക്കുന്നത്. മേയില്‍ ഫുഡ് സ്ട്രീറ്റ് യാഥാര്‍ഥ്യമാകുമെന്നാണ് കരുതുന്നത്. ഏറ്റവും വൃത്തിയോടെ ഗുണമേന്മയുള്ള ഭക്ഷണം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

രാജ്യത്തൊട്ടാകെ 100 സ്ട്രീറ്റ് ഫുഡ് ഹബുകള്‍ ഒരുക്കുന്ന കേന്ദ്രപദ്ധതിയുടെ ഭാഗമായാണ് കോഴിക്കോടും പരിഗണിച്ചത്. സംസ്ഥാനത്തെ മറ്റ് മൂന്നിടങ്ങളിലും പദ്ധതി മുന്നോട്ടുപോയിട്ടും കോഴിക്കോട്ട് ഒന്നുമാകാത്ത സ്ഥിതിയായിരുന്നു.

ഭക്ഷ്യസുരക്ഷാവകുപ്പും ദേശീയ ആരോഗ്യദൗത്യവും തദ്ദേശസ്ഥാപനവുമായി ചേര്‍ന്ന് ഫുഡ് ഹബ് ഒരുക്കുന്നതായിരുന്നു കേന്ദ്രപദ്ധതി. എന്നാല്‍ ഇതിന് സ്ഥലം കണ്ടെത്തി നല്‍കാന്‍ വൈകി. തുടര്‍ന്നാണ് കോര്‍പ്പറേഷന്‍ നേരത്തേ ദേശീയ നഗരഉപജീവന ദൗത്യപ്രകാരം ബീച്ചിലൊരുക്കുന്ന വെന്‍ഡിങ് സോണ്‍ പദ്ധതിക്കൊപ്പം ചേര്‍ത്ത് നടപ്പാക്കാന്‍ തീരുമാനിച്ചത്.

കേന്ദ്രത്തിന്റെ ഫുഡ് ഹബ് പദ്ധതിപ്രകാരം ഒരുകോടിരൂപ ലഭിക്കും. ഇതിനുപുറമേ വെന്‍ഡിങ് സോണ്‍ പദ്ധതിപ്രകാരം 2.5 കോടിയിലേറെ ചെലവഴിച്ചാണ് ഫുഡ് സ്ട്രീറ്റ് ഹബൊരുക്കുക. 90 കച്ചവടക്കാര്‍ക്കായിരിക്കും സ്ഥലമൊരുക്കുക. ഒരേ മാതൃകയിലുള്ള വണ്ടികളാണുണ്ടാവുക. ശുദ്ധജലം, മലിനജലം സംസ്‌കരിക്കാനുള്ള സൗകര്യം എന്നിവയെല്ലാം ഉറപ്പാക്കും.