കൊയിലാണ്ടി താലൂക്ക് ആശുപതിയിൽ പോസ്റ്റുമോർട്ടത്തിനായി കെട്ടിടമുണ്ട്, വെള്ളമുണ്ട്, വെളിച്ചവുമുണ്ട്; എന്നാൽ പോസ്റ്റുമോർട്ടം നടക്കുന്നില്ല; ദുരിതത്തിലായി ജനങ്ങളും പോലീസും


കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ പോസ്റ്റുമോർട്ടം റൂമിൽ വെള്ളവും വെളിച്ചവുമുണ്ട്. പക്ഷേ പോസ്റ്റുമോർട്ടം നടത്തണമെങ്കിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകണം. ഇത് ജനങ്ങൾക്കും പോലീസിനും തലവേദനയാവുകയാണ്. പഴയ കെട്ടിടങ്ങൾ പൊളിക്കുന്നതിൻ്റെ ഭാഗമായി രണ്ടാഴ്ച മുമ്പാണ് പോസ്റ്റ്മോർട്ടം റൂമിലെക്കുള്ള വെള്ളവും വൈദ്യുതിയും നിലച്ചത്. പിന്നീട് അത് പുന:സ്ഥാപിച്ചു.

കെട്ടിടങ്ങൾ പൊളിക്കുന്നത് കാരണമാണ് മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടത്താൻ കോഴിക്കോട് മെഡിക്കൽ കോളെജിലെക്ക് കൊണ്ടു പോകുന്നത്. ഇത് ഏറെ പ്രയാസം സൃഷ്ടിക്കുന്നതായാണ് പരാതി. കോഴിക്കോടെക്ക് മൃതദേഹം കൊണ്ട് പോകാനും, പോസ്റ്റ്മോർട്ടത്തിനു ശേഷം തിരിച്ചു കൊണ്ടുവരാനും ആംബുലൻസ് വാടകതന്നെ ഭീമമായ ചെലവു വരുന്നു.കൂടാതെ ബന്ധുക്കളും മറ്റ് വാഹനങ്ങളിൽ പോകെണ്ടതുണ്ട്.ഇതിനും നല്ലൊരു ചിലവ് വരുന്നു.

ഇൻക്വസ്റ്റ് നടത്താനായി പോലീസും മെഡിക്കൽ കോളെജിലെക്ക് പോകേണ്ടതുണ്ട്.പോലീസുകാർ ആവശ്യത്തിനില്ലാത്തത് കാരണം പോലീസിനും ഏറെ പ്രയാസം ഉണ്ടാക്കുന്നതായി സി.ഐ.സുനിൽകുമാർ പറഞ്ഞു. എന്നാൽ പോസ്റ്റ്മോർട്ടം റൂമിലേക്കുള്ള വെള്ളവും, വൈദ്യുതിയും, പുന:സ്ഥാപിച്ചെങ്കിലും, കൊയിലാണ്ടിയിൽ പോസ്റ്റുമോർട്ടം പുനരാരംഭിച്ചില്ല.

രാത്രി സമയത്ത് മോർച്ചറിയിൽ ഫ്രീസറിൻ്റെ താപനില നോക്കാൻ പോകാനുള്ള അസൗകര്യമാണ് ഇതിന് കാരണമായി പറയുന്നത്. വൈകുന്നേരങ്ങളിൽ അപകടങ്ങളിലും മറ്റും, മരണപ്പെട്ടാൽ മോർച്ചറിയിൽ ഫ്രീസർ ഉള്ളത് കൊണ്ട് മൃതദേഹം സൂക്ഷിക്കാമായിരുന്നു.

കൊയിലാണ്ടിയിൽ മിക്ക ദിവസങ്ങളിലും രണ്ടും മൂന്നും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യാനുണ്ടാവും. കോഴിക്കോടെക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടു പോകുന്നത് കാരണം അവിടെയും ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്.’

പൊളിക്കേണ്ട കെട്ടിടങ്ങളിൽ പോസ്റ്റ്മോർട്ടം കെട്ടിടവും ഉൾപ്പെടും എന്നാൽ ഇത് ഏറ്റവും അവസാനം പൊളിക്കുന്നതായിരിക്കും നല്ലതെന്നാണ് പൊതു അഭിപ്രായം തിങ്കളാഴ്ചയോടു കൂടി വീണ്ടും പോസ്റ്റ്മോർട്ടം പുനരാരംഭിക്കാൻ സാധിക്കുമെന്നാണ് ആശുപത്രി സൂപ്രണ്ട് ഷീലാ ഗോപാലകൃഷ്ണൻ പറയുന്നത്.