‘എന്‍.എച്ച് അതോറിറ്റിയുടെ ഉറപ്പ് എന്തുകൊണ്ട് ഇവിടെ പാലിക്കപ്പെടുന്നില്ല?’; ദേശീയപാത വികസനവുമായി ബന്ധപ്പെട്ട പാലോളിപ്പാലം പുതുപ്പണം മേഖലയിലെ ദുരിതങ്ങള്‍ പരിഹരിക്കണമെന്ന് കെ.കെ. രമ


വടകര: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പാലോളി പാലം, പുതുപ്പണം മേഖലയിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് കെ.കെ. രമ എം.എല്‍.എ. പുതുപ്പണം ജനകീയ സമിതിയുടെ നേതൃത്വത്തില്‍ അരവിന്ദഘോഷ് റോഡില്‍ സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

നിലവില്‍ മൂരാട് മുതല്‍ പുതുപ്പണം വരെയുള്ള ഭാഗത്ത് ദേശീയപാത മുറിച്ചുകടക്കാന്‍ വഴികളൊന്നുമില്ല. രണ്ടു കിലോമീറ്ററിനിടയില്‍ ഫ്‌ളൈ ഓവറോ അണ്ടാര്‍ പസ്സോ ഉണ്ടാവുമെന്ന നാഷണല്‍ ഹൈവേ അതോറിറ്റിയുടെ ഉറപ്പ് ഇവിടെ പാലിക്കപ്പെടാതെ പോകുന്നത് എന്തുകൊണ്ടാണെന്നും എം.എല്‍.എ ചോദിച്ചു.

ജെ.എന്‍.എം സ്‌കൂള്‍, റൂറല്‍ എസ്.പി ഓഫിസ്, ഇറിഗേഷന്‍ ഓഫിസ്, നിര്‍ദിഷ്ട സബ്ജയില്‍, എന്നിവയെല്ലാം സ്ഥിതി ചെയ്യുന്ന വടകരയിലെ പ്രധാന കേന്ദ്രമാണ് ഈ മേഖല. ഇവിടെ ഫ്‌ളൈ ഓവറോ അടിപ്പാതയോ നിര്‍മിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഇക്കാര്യം വളരെ നേരത്തെ തന്നെ എല്ലാ അധികാര കേന്ദ്രങ്ങളെയും അറിയിച്ചതായും എം.എല്‍.എ വ്യക്തമാക്കി.

അഡ്വ.ഐ.മൂസ, ടി.ടി ഇസ്മായില്‍, സി.രാമകൃഷ്ണന്‍, വിജയ ബാബു, കെ.പി പ്രകാശന്‍, എം.അബ്ദുള്‍ സലാം സംസാരിച്ചു., അസീസ് മാസ്റ്റര്‍ അധ്യക്ഷനായിരുന്നു രാഘവന്‍ നല്ലാടത്ത് സ്വാഗതവും സജിത മണലില്‍ നന്ദിയും പറഞ്ഞു. പി.രജനി, റജീന, സിന്ധു, കരീം മാനസ, ഇ.കെ വത്സരാജ്, നാണു, സമീര്‍, രതീശന്‍, ഇ. കെ പ്രദീപ് കുമാര്‍, ഷെല്‍നേഷ് കുമാര്‍, ഫൗസിയ എന്നിവര്‍ നേതൃത്വം നല്‍കി.