കിടപ്പ് രോഗികള്‍ക്ക് സ്വാന്തനമേകാന്‍ ‘ഞാനുമുണ്ട് പരിചരണത്തിന്’; പാലിയേറ്റീവ് വാരാചരണത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ പുതിയ കാമ്പെയിന്‍


തിരുവനന്തപുരം: ലോകത്തിലെ തന്നെ ഏറ്റവും മികച്ച സാന്ത്വന പരിചരണ മാതൃക നടപ്പിലാക്കിയ ഇടമാണ് കേരളം. പാലിയേറ്റീവ് പരിചരണ വാരാചരണത്തിന്റെ ഭാഗമായി ഞാനുമുണ്ട് പരിചരണത്തിന് എന്ന പേരിൽ ഒരു പുതിയ കാമ്പയിനുമായ് രംഗത്തെത്തിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്.

പാലിയേറ്റീവ് പ്രവർത്തനങ്ങൾ കൂടുതൽ വിപുലവും ജനകീയവുമാക്കുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാണ് കാമ്പെയിന്‍ നടപ്പിലാക്കുക. ജനുവരി 21 വരെ നീളുന്ന പരിപാടിയിൽ നാടിന്റെ സമസ്ത മേഖലകളിൽ നിന്നുമുള്ളവരുടെ സേവനങ്ങൾ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി പ്രയോജനപ്പെടുത്തുമെന്ന് കാമ്പെയിനെ കുറിച്ച് മുഖ്യമന്ത്രി ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചു.

സന്നദ്ധ സേന ഡയറക്ടറേറ്റുമായി സഹകരിച്ച് സ്വാന്തന പരിചരണത്തിൽ സന്നദ്ധ പ്രവർത്തനം പ്രോത്സാഹിപ്പിക്കാൻ കൂടെ എന്ന പേരിലുള്ള കാമ്പെയിനും സർക്കാർ ആരംഭിക്കും. ഇത്തരം പ്രവർത്തനങ്ങളിൽ പിന്തുണക്കാൻ താൽപര്യമുള്ള ആർക്കും സന്നദ്ധ സേന ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്യാം. ഇത്തരത്തിൽ രജിസ്റ്റർ ചെയ്തവർക്ക് സർക്കാർ, എൻ.ജി.ഒ, സി.ബി.ഒ മേഖലയിലെ പാലിയേറ്റീവ് കെയ യൂണിറ്റുകളുടെ സഹായത്തോടെ പാലിയേറ്റീവ് കെയർ പരിശീലനം നൽകും.

കാമ്പെയിനോടനുബന്ധിച്ച് സ്വാന്തന ചികിത്സ തേടുന്ന രോഗികളെ പരിചരിക്കാനും ബന്ധുക്കൾക്ക് വേണ്ട സൗകര്യങ്ങൾ ഉറപ്പുവരുത്തുവാനുമായ് ഗൃഹസന്ദർശനങ്ങളും നടത്തും. ബോധവൽക്കരണ ക്ലാസുകൾ, പരിശീലന പരിപാടികൾ, രോഗികളുടെയും ബന്ധുക്കളെയും ഒത്തുചേരൽ തുടങ്ങിയവ കുടുംബശ്രീ വഴി നടപ്പിലാക്കാനാണ് പദ്ധതി.

ഇതുമായി ബന്ധപ്പെട്ട് വിദ്യാലയങ്ങളിലും കോളേജകളിലും ബോധവൽക്കരണ പരിപാടികളും പ്രത്യേക അസംബ്ലിയും നടക്കുമെന്നും സ്വകാര്യ ആശുപത്രികളിലടക്കം ജോലി ചെയ്യുന്ന എല്ലാ ജീവനക്കാർക്കും ഒരു മണിക്കൂർ നീണ്ടു നിൽക്കുന്ന ബോധവൽക്കരണം നൽകുമെന്നും ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചിട്ടുണ്ട്.

കേരളത്തിലെ എല്ലാ കിടപ്പ് രോഗികൾക്കും വേണ്ട ഏറ്റവും മികച്ച പരിചരണം ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തിലൂന്നിക്കൊണ്ടുള്ള ഏറെ പ്രശംസനീയമായ ഒരു ചുവട് വെപ്പാണ് ഒരാഴ്ച നീണ്ട് നിൽക്കുന്ന ഞാനുമുണ്ട് പരിചരണത്തിന് കാമ്പെയിന്‍എന്ന് നിസംശയം പറയാം.