‘കരുതലും കൈത്താങ്ങുമായ്’ വടകര താലൂക്ക് തല അദാലത്ത് മെയ് നാലിന് തുടങ്ങും; ഇന്നുമുതല്‍ ഏപ്രില്‍ പത്ത് വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം


വടകര: കരുതലും കൈത്താങ്ങുമെന്ന പേരില്‍ മന്ത്രിമാരുടെ വടകര താലൂക്ക് തല അദാലത്ത് മെയ് നാലിന് തുടങ്ങും. അദാലത്തില്‍ പരിഗണിക്കേണ്ടതായ അപേക്ഷകള്‍ ശനിയാഴ്ച മുതല്‍ ഏപ്രില്‍ പത്ത് വരെ സമര്‍പ്പിക്കാം. ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും മെച്ചപ്പെട്ട ജീവിത സാഹചര്യം ഉറപ്പാക്കാനുമാണ് മന്ത്രിമാരുടെ പങ്കാളിത്തത്തോടെ സര്‍ക്കാര്‍ അദാലത്ത് സംഘടിപ്പിക്കുന്നത്.

വടകര ടൌണ്‍ഹാളില്‍ നടക്കുന്ന താലൂക്ക് തല അദാലത്തില്‍ മന്ത്രിമാരായ മുഹമ്മദ് റിയാസ്, കെ.രാജന്‍, എ.കെ.ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ പങ്കെടുക്കും. ഉദ്യോഗസ്ഥ തലത്തില്‍ പരിഹരിക്കാന്‍ കഴിയാത്ത വിഷയങ്ങളില്‍ അനുയോജ്യമായ തീരുമാനങ്ങള്‍ അദാലത്ത് വഴി കൈക്കൊള്ളും.

പരാതികള്‍ താലൂക്ക് ഓഫീസുകളിലും അക്ഷയ കേന്ദ്രങ്ങളിലും ഓണ്‍ലൈനായി സമര്‍പ്പിച്ച് രസീത് വാങ്ങാം. പരാതിക്കാരന്റെ പേര്, മേല്‍വിലാസം, മൊബൈല്‍ നമ്പര്‍, ജില്ല, താലൂക്ക് എന്നിവ നിര്‍ബന്ധമായും പാരാതിയില്‍ ഉള്‍പ്പെടുത്തണം. ഇമെയ്ല്‍, വാട്ട്സാപ്പ് നമ്പര്‍ എന്നിവ ഉണ്ടെങ്കില്‍ അവയും നല്‍കണം.  www.karuthal.kerala.gov.in എന്ന ഓണ്‍ലൈന്‍ വിലാസത്തിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

അദാലത്തില്‍ പരിഗണിക്കാത്ത വിഷയങ്ങള്‍ വകുപ്പ് മേധാവിക്കോ വകുപ്പ് സെക്രട്ടറിക്കോ നേരിട്ട് പരാതി നല്‍കാം കൂടാതെ cmo.kerala.gov.in എന്ന വെബ് പോര്‍ട്ടലിലൂടെ മുഖ്യമന്ത്രിക്കും പരാതികള്‍ സമര്‍പ്പിക്കാവുന്നതാണ്.