അടിയന്തരാവസ്ഥ കാലത്ത് ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍ സൂപ്രണ്ടും എഴുത്തുകാരനുമായ എ.കെ.പി.നമ്പ്യാര്‍ അന്തരിച്ചു


തലശ്ശേരി: അടിയന്തരാവസ്ഥ കാലത്ത് ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലിന്റെ സൂപ്രണ്ടും മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ എ.കെ.പത്മനാഭന്‍ നമ്പ്യാര്‍ (എ.കെ.പി.നമ്പ്യാര്‍) അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു. തലശ്ശേരി കാവുംഭാഗത്തെ വസതിയിലായിരുന്നു അന്ത്യം.

ഭാര്യ: പരേതയായ പാര്‍വ്വതി നമ്പ്യാര്‍.

മക്കള്‍: എം.വി.രാധാകൃഷ്ണന്‍ (ബിസിനസ്, ബെംഗളൂരു), ഉഷാ മനോഹര്‍ (പി.ടി.ഐ മുന്‍ കേരളാ മേധാവി), ഡോ. സുനില്‍ കുമാര്‍.

മരുമക്കള്‍: രേണുക, രാംമനോഹര്‍, ഡോ. ബീനാ സുനില്‍.

തലശേരിക്കടുത്ത് മാവിലായില്‍ 1928 ഒക്ടോബര്‍ 26 ന് ജനിച്ച എ.കെ.പി നമ്പ്യാര്‍ കോളജ് പഠനത്തിനുശേഷം കോഴിക്കോട് ‘പൗരശക്തി’ ദിനപത്രത്തില്‍ സബ് എഡിറ്ററായി ജോലി ചെയ്തു. 1954- ല്‍ സര്‍വീസ് കമ്മീഷന്‍ നിയമനത്തെ തുടര്‍ന്ന് മദിരാശിയില്‍ എത്തി. 1957 -ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടതനുസരിച്ച് ഡപ്യൂട്ടേഷനില്‍ ആന്‍ഡമാന്‍ ദ്വീപിലേക്ക് പോയി.

അവിടെ ആദ്യം സെക്രട്ടറിയേറ്റില്‍. പിന്നീട് കോഓപ്പറേറ്റീവ് ഡിപ്പാര്‍ട്ട്മെന്റില്‍. കോഓപ്പറേറ്റീവ് ഇന്‍സ്പെക്ടര്‍, സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ തസ്തികളില്‍ ജോലി ചെയ്തു. രജിസ്ട്രാര്‍ (സഹകരണവകുപ്പ്) ചുമതലയും വഹിച്ചിട്ടുണ്ട്.

നാല് വര്‍ഷത്തിനു ശേഷം എഡിറ്റര്‍ ഗസ്റ്റിയര്‍ ആയി നിയമിതനായി. പിന്നീട് യു.പി.എസ്.സി. നിയമനത്തെ തുടര്‍ന്ന് റഗുലര്‍ പബ്ലിസിറ്റി ഓഫീസറായി ചുമതലയേറ്റു. ഇടക്കാലത്ത്‌ ൈട്രബല്‍ വെല്‍ഫെയര്‍ ഡയറക്ടറായിരുന്നു. നാല് വര്‍ഷത്തോളം ഇന്‍ഫര്‍മേഷന്‍ പബ്ലിസിറ്റി ആന്‍ഡ് ടൂറിസം ഡയറക്ടറായിരുന്നു. 38 വര്‍ഷം ആന്‍ഡമാനില്‍ ജോലി ചെയ്തു.

വിരമിച്ച ശേഷം എട്ട് വര്‍ഷം അവിടെ കേരള സമാജം പ്രസിഡന്റായിരുന്നു. ഇംഗ്ലീഷിലും മലയാളത്തിലും നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആന്‍ഡമാന്‍ അനുഭവങ്ങള്‍ ‘നക്കാവരം’ എന്ന പേരില്‍ പുസ്തകമായി പ്രസിദ്ധീകരിച്ചു.