കൊമ്പുകോര്‍ത്ത് ഇരുമുന്നണികളും; വില്ല്യാപ്പള്ളി ചല്ലിവയലില്‍ വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് കൊട്ടിക്കലാശം, ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചരണം


വില്യാപ്പള്ളി: ഉപതിരഞ്ഞെടുപ്പിനൊരുങ്ങുന്ന വില്യാപ്പള്ളി പതിനാറാം വാര്‍ഡായ ചല്ലിവയലില്‍ ഇരുമുന്നണികളും നടത്തിയ ശക്തമായ പ്രചരണ പോരാട്ടങ്ങള്‍ക്ക് ഞായറാഴ്ച്ച വൈകുന്നേരത്തോടെ കൊട്ടിക്കലാശമായി. ഇനി വരുന്ന മണിക്കൂറുകളില്‍ നിശബ്ദ പ്രചരണം തുടരും. 12 നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇരുമുന്നണികളുടെയും പഞ്ചായത്തിലെ പ്രമുഖരായ നേതാക്കള്‍ കൊട്ടിക്കലാശത്തില്‍ പങ്കെടുക്കു.

വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ബി.എസ് ജ്യോതി പുത്തൂരും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പ്രകാശന്‍ മാസ്റ്ററുമാണ് മത്സരിക്കുന്നത്. ബി.ജെ.പിയില്‍ സ്ഥാനാര്‍ത്ഥിയായി സോമനാണ് രംഗത്തുള്ളത്. വാര്‍ഡ് മെമ്പറായിരുന്ന എല്‍.ഡി.എഫിലെ പി.പി ചന്ദ്രന്‍ മാസ്റ്റര്‍ അപകടത്തില്‍പ്പെട്ട് ചികിത്സയിലായതിനെത്തുടര്‍ന്നാണ് വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.

ചന്ദ്രന്‍ മാസ്റ്റര്‍ മുന്നോട്ട് വെച്ച വാര്‍ഡിലെ വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് പ്രധാനമായും എല്‍.ഡി.എഫ് പ്രചരണത്തില്‍ മുന്നോട്ടു വെയ്ക്കുന്നത്. വാര്‍ഡില്‍ തുടര്‍ച്ചയായി പത്ത് വര്‍ഷത്തോളം ഭരിക്കുകയും 2020 തെരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ട് പോയതുമായ സീറ്റ് തിരിച്ചുപിടിക്കാനുള്ള ശക്തമായ നീക്കത്തിലാണ് യു.ഡി.എഫ്. ഇരുപാര്‍ട്ടികളും വാശിയേറിയ പോരാട്ടമാണ് വാര്‍ഡില്‍ നടത്തിയിരുന്നത്.

ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഡിസംബര്‍ 12ന് വാര്‍ഡില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വാര്‍ഡ് പരിധിയില്‍ വരുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

വാര്‍ഡിലെ വോട്ടര്‍മാരായ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ രേഖകള്‍ സഹിതം അപേക്ഷിക്കുന്നപക്ഷം സ്വന്തം പോളിംഗ് സ്റ്റേഷനില്‍ വോട്ട് ചെയ്യുന്നതിന് പ്രത്യേക അനുമതി ലഭിക്കുന്നതാണ്.