ഓപ്പൺ സ്റ്റേജും ഇരിപ്പിടങ്ങളും ചിത്രപ്രദർശനം നടത്താനുള്ള സൗകര്യവും; വടകരയിൽ സാംസ്കാരിക ചത്വരം വരുന്നു


വടകര: വടകരയിലെ കലാ സാംസ്ക്കാരിക മേഖലയ്ക്ക് കരുത്തേകാൻ സാംസ്കാരിക ചത്വരം വരുന്നു. വടകര ന​ഗരസഭയുടെ ആഭിമുഖ്യത്തിൽ 50 ലക്ഷം രുപ ചെലവഴിച്ചാണ് പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. ബിഇഎം ഹയർ സെക്കൻഡറി സ്കൂളിന് സമീപം ബിഎഡ് സെന്റർ ഗ്രൗണ്ടിലാണ് ചത്വരം നിർമിക്കുന്നത്. ഓപ്പൺ സ്റ്റേജും ഇരിപ്പിടങ്ങളും ചിത്രപ്രദർശനം നടത്താനുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കും.

കലാ-സാംസ്കാരിക മേഖലയുടെ ഉണർവിനായി നഗരസഭയുടെ നേതൃത്വത്തിൽ വടകരയിൽ അക്കാദമി പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. വടകരയുടെ കലാസാംസ്കാരിക പ്രവർത്തകരെയും കലാസമിതികളെയും വായനശാലകളെയും ചേർത്തുകൊണ്ടാണ് അക്കാദമിയുടെ പ്രവർത്തനം. ഓരോ മാസവും വടകര കേന്ദ്രീകരിച്ച് കലാസാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കാൻ അക്കാദമി തീരുമാനിച്ചിരുന്നു. ഇതിന്റെ കേന്ദ്രമായി സാംസ്കാരിക ചത്വരം മാറുമെന്നാണ് പ്രതീക്ഷ.

ചത്വരത്തിന്റെ ശിലാസ്ഥാപനം ഇന്ന് വെെകീട്ട് അഞ്ച് മണിക്ക് ന​ഗരസഭാ ചെയർപേഴ്സൺ കെ.പി ബിന്ദു നിർവഹിക്കും. ചടങ്ങിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി മുഖ്യാതിഥിയാവും.