ഒഞ്ചിയത്തിന്റെ വോളി മേളയ്ക്ക് കൊടിയിറങ്ങി; കലാശപ്പോരാട്ടത്തില്‍ കപ്പടിച്ച് കൊച്ചിന്‍ ബിപിസിഎല്ലും കേരള പൊലീസും


വടകര: അഖില കേരള വോളിബോള്‍ ടൂര്‍ണമെന്റിന്റെ കലാശപ്പോരാട്ടത്തില്‍ പുരുഷ വിഭാഗം ഫൈനലില്‍ കൊച്ചിന്‍ ബിപിസിഎല്ലും വനിതാവിഭാഗത്തില്‍ കേരളാ പൊലീസും ജേതാക്കളായി. ആവേശപ്പോരാട്ടത്തില്‍ കെഎസ്ഇബിയെ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് കീഴ്പ്പെടുത്തിയാണ് ബിപിസിഎല്‍ വിജയമുറപ്പിച്ചത്. 22-25, 12-25, 19-25,19-25, 13-15 എന്നിങ്ങനെയാണ് സ്കോര്‍. ഖേലോ ഇന്ത്യയെ ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്കാണ്കേരള പോലീസ് പരാജയപ്പെടുത്തിയത്. മത്സരത്തില്‍ ഒന്നാമത്തെ സെറ്റില്‍ 15 നെതിരേ 25 ഉം രണ്ടാമത്തെ സെറ്റ് 21 നെതിരേ 25 ഉം മൂന്നാമത്തെ സെറ്റില്‍ 18 നെതിരേ 25 ഉം പോയിന്റ് നേടിയാണ് കേരള പോലീസ് വനിതാ വിഭാഗം ഫൈനല്‍ പിടിച്ചെടുത്തത്.

ഫൈനലിന്റെ ആവേശത്തിമര്‍പ്പില്‍ നില്‍ക്കുന്ന മൈതാനി ഗ്യാലറിയിലെ കാണികള്‍ ഹര്‍ഷാരവത്തോടെയാണ് ഇരുവിജയങ്ങളും ഏറ്റെടുത്തത്. ആദ്യം നടന്ന വനിതാവിഭാഗം മത്സരത്തിലെ വിജയികളെ കണ്ടെത്തിയതിന് ശേഷം ബി.പി.സി.എല്‍ കൊച്ചിയും കെഎസ്ഇബിയും ഏറ്റുമുട്ടുന്ന പുരുഷവിഭാഗത്തില്‍ മത്സരവിജയം ആര്‍ക്കൊപ്പമെന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു ഗ്യാലറിയിലെ ഓരോ കായിക പ്രേമിയും.ഇഞ്ചോടിഞ്ച് നടനന പോരാട്ടത്തിനൊടുവില്‍ ഏറെ വൈകിയാണ് പുരുഷവിഭാഗത്തിന്റെ ഫലം വന്നത്.

പുരുഷവിഭാഗ ജേതാക്കളായ ബിപിസിഎല്ലിന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി.സതീദേവിയും വനിതാവിഭാഗം വിജയികള്‍ക്ക് സ്പോര്‍ട് കൌണ്‍സില്‍ പ്രസിഡന്റ് യു.ഷറഫലിയും ട്രോഫികള്‍ നല്‍കി. വിജയികള്‍ക്കുള്ള സമ്മാനദാനത്തിനൊപ്പം ആദ്യകാല വോളി താരങ്ങളെയും ചടങ്ങില്‍ ആദരിച്ചു.ടി.പി.ബിനീഷ്, എന്‍.ഉദയന്‍, ഞ്ഞേറലാട്ട് രവീന്ദ്രന്‍, മൂസാ നാസര്‍, എന്‍.ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംസാരിച്ചു.

ഒഞ്ചിയം ഏരിയയില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള ആരോഗ്യ കേന്ദ്രം സ്ഥാപിക്കുക എന്ന ലക്ഷയത്തിലൂന്നി ഒഞ്ചിയം രക്തസാക്ഷിത്വത്തിന്റെ 75ാംവാര്‍ഷികത്തോടനുബന്ധിച്ച് സിപിഎം ഒഞ്ചിയം ഏരിയ കമ്മിറ്റി മെയ് 8 മുതല്‍ സംഘടിപ്പിച്ച ഏഴു ദിവസം നീണ്ടു നില്‍ക്കുന്ന അഖില കേരള വോളിബോള്‍ ടൂര്‍ണ്ണമെന്റിനാണ് ഞായറാഴ്ചയോടെ കൊടിയിറങ്ങിയത്.