ചക്കിട്ടപ്പാറയിലെ ഭിന്നശേഷിക്കാരന്റെ മരണം;  പ്രാദേശിക മാധ്യമപ്രവർത്തകനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് കേസെടുക്കണമെന്ന് പ്രമേയം പാസാക്കി പഞ്ചായത്ത്


ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറയിലെ ഭിന്നശേഷിക്കാരനായ പാപ്പച്ചന്‍ എന്ന ജോസഫിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രാദേശിക മാധ്യമപ്രവർത്തകനെതിരെ  പ്രമേയം പാസാക്കി ചക്കിട്ടപാറ പഞ്ചായത്ത്. പ്രാദേശിക മാധ്യമപ്രവർത്തകനെതിരെ ആത്മഹത്യാപ്രേരണയ്ക്ക് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് സിപിഎം ഭരിക്കുന്ന പഞ്ചായത്ത് പ്രമേയം പാസാക്കിയത്.

പ്രാദേശിക മാധ്യമപ്രവർത്തകന്റെ വാർത്തകൾ ആത്മഹത്യയ്ക്ക് പ്രേരണയായെന്ന് പഞ്ചായത്ത് ഭരണസമിതി ആരോപിക്കുന്നുണ്ട്. പാസാക്കിയ പ്രമേയം മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും അയച്ചു.

ജനുവരി 23നായിരുന്നു ചക്കിട്ടപാറ മുതുകാട് വളയത്ത് ജോസഫിനെ (77) വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജോസഫിന്റെ മരണം പെന്‍ഷന്‍ മുടങ്ങിയത് കാരണമാണ് എന്ന് ആരോപണം ഉയര്‍ന്നിരുന്നു.

ജോസഫിന്റെ മരണം ക്ഷേമ പെന്‍ഷന്‍ കിട്ടാത്തത് കൊണ്ടെന്നാണെന്ന ആരോപണം വസ്തുതാ വിരുദ്ധമാണെന്ന് നേരത്തേ നിയമസഭയില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുന്നതിനിടെ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ വ്യക്തമാക്കിയിരുന്നു.