ഉപതെരഞ്ഞെടുപ്പ്; വാണിമേല്‍ കൊടിയുറയില്‍ വാശിയേറിയ പ്രചരണവുമായി ഇരുമുന്നണികളും രംഗത്ത്


വാണിമേല്‍: ഉപതിരഞ്ഞെടുപ്പ് നടക്കാനൊരുങ്ങുന്ന വാണിമേല്‍ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാര്‍ഡായ കൊടിയുറയില്‍ ഇരുമുന്നണികളും ശക്തമായ പ്രചരണവുമായി രംഗത്ത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ടി.കെ സുകുമാരനും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി അനസ് നങ്ങാണ്ടിയുമാണ് മത്സര രംഗത്തുള്ളത്. ഡിസംബര്‍ 12നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

പതിനാലാം വാര്‍ഡ് മെമ്പറായിരുന്ന ചേലക്കാടന്‍ കുഞ്ഞമ്മദ് ഹൃദയാഘാതത്തെത്തുടര്‍ന്ന് കഴിഞ്ഞ സെപ്റ്റബര്‍ മാസം മരണമടഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്നാണ് വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നടത്താന്‍ ഒരുങ്ങുന്നത്. കൊടിയൂരയില്‍ നിന്നും 2020ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചായിരുന്നു ചേലക്കാടന്‍ കുഞ്ഞമ്മദ് ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നത്.

വാര്‍ഡില്‍ മത്സരിക്കുന്ന ഇരുമുന്നണികളും വാശിയേറിയ പ്രചരണ പരിപാടികളാണ് നടത്തുന്നത്.

അതേസമയം ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തെരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡായ കൊടിയുറയില്‍ ഡിസംബര്‍ 12ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഈ വാര്‍ഡ് പരിധിയില്‍ വരുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളിലെ വോട്ടര്‍മാരായ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ രേഖകള്‍ സഹിതം അപേക്ഷിക്കുന്നപക്ഷം സ്വന്തം പോളിംഗ് സ്റ്റേഷനില്‍ പോയി വോട്ട് ചെയ്യുന്നതിന് പ്രത്യേക അനുമതി നല്‍കാന്‍ ഓഫീസ് മേലധികാരികള്‍ ശ്രദ്ധിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.