കായണ്ണ സ്വദേശിയുടെ പോത്ത് മാലിന്യങ്ങൾ തള്ളിയ കിണറ്റിൽ വീണു; രക്ഷകരായെത്തി പേരാമ്പ്ര അഗ്നി രക്ഷാസേന


പേരാമ്പ്ര: മാലിന്യങ്ങള്‍ തള്ളിയ കിണറ്റില്‍ വീണ പോത്തിന് രക്ഷകരായി പേരാമ്പ്ര അഗ്നിരക്ഷാസേന. കായണ്ണ ചന്ദന്‍കാട്ടിന്‍മേല്‍ സി.കെ മുഹമ്മദിന്‍റെ ഒന്നരവയസ്സ് പ്രായമുള്ള പോത്തിനെയാണ് സേന രക്ഷപ്പെടുത്തിയത്.

അൻപതടി താഴ്ചയുള്ളതും പരിസരവാസികള്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതുമായ വെള്ളമുള്ളകിണറ്റിലാണ് പോത്ത് വീണത്. ഇതിനെ രക്ഷിക്കുന്നതിനായി കിണറ്റിലിറങ്ങിയ ഫയര്‍&റെസ്ക്യു ഓഫീസര്‍ എം.മനോജ് അരമണിക്കൂറോളം കസേരകെട്ടുപയോഗിച്ച് ശ്രമിച്ച ശേഷമാണ് പോത്തിനെ രക്ഷിക്കാനായത്.

പേരാമ്പ്ര അഗ്നിരക്ഷാനിലയത്തിലെ അസി.സ്റ്റേഷന്‍ ഓഫീസ്സര്‍ പി സി പ്രേമന്‍റെ നേതൃത്ത്വത്തില്‍ ഫയര്‍&റെസ്ക്യു ഓഫീസ്സര്‍മാരായ ജി.ബി സനല്‍രാജ്, പി.യം വിജേഷ്, സി.കെ സ്മിതേഷ്, ഹോംഗാര്‍ഡ് പി.സി അനീഷ്കുമാര്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
കുടിവെള്ള സ്രോതസ്സുകളെ മലിനമാക്കുന്ന ഇത്തരം മാലിന്യങ്ങള്‍ വലിച്ചെറിയുന്ന പ്രവണത ഉപേക്ഷിക്കണമെന്ന് പരിസരവാസികളോട് സേന ആവശ്യപ്പെട്ടു.