ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ വടകര സ്വദേശിയായ ഡോക്ടറുടെ 2.18 കോടി തട്ടിയെടുത്ത കേസ്‌; ഗുജറാത്ത് സ്വദേശി അറസ്റ്റില്‍


വടകര: ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ മറവില്‍ വടകര സ്വദേശിയായ ഡോക്ടറുടെ 2.18 കോടി രൂപ തട്ടിയെടുത്ത കേസില്‍ ഗുജറാത്ത് സ്വദേശി അറസ്റ്റില്‍. അഹമ്മദാബാദ് നരോദ സ്വദേശി ജയദീപ് മിഥേഷ് ഭായിയെയാണ്(22) കോഴിക്കോട് റൂറല്‍ സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്.

എടോടിയില്‍ താമസിക്കുന്ന ഡോ.എം.എ ഹാരിസാണ് പരാതിക്കാരന്‍. ബാങ്ക് അക്കൗണ്ടുകളും മൊബൈല്‍ നമ്പറുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ത്രിബുവന്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ കമ്പനിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഗുജറാത്ത്‌ പോലീസിന്റെ സഹായത്തോടെ പ്രതിയെ സൈബര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്.

ഡോക്ടറുടെ കൈയില്‍ നിന്നും നഷ്ടമായ 2.18കോടി രൂപയില്‍ നിന്ന് ഒരു കോടി രണ്ടു ലക്ഷം രൂപ പ്രതിയുടെ അക്കൗണ്ടിലേക്ക്‌ എത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു. സംഭവത്തില്‍ കൂടുതല്‍ പ്രതികളുടെ പങ്ക് അന്വേഷിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഇന്‍സ്‌പെക്ടര്‍ എം.പി വിനീഷ് കുമാര്‍, എസ് ഐ വിനോദന്‍, സീനിയര്‍ സിപിഒമാരായ പി രൂപേഷ്, കെഎം ബിജു, കെ ലിനീഷ് കുമാര്‍, സിപിഒമാരായ ശരത് ചന്ദ്രകുമാര്‍, ബിഎസ് ജിബിന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്‌

കേസില്‍ രണ്ട് പ്രതികളെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മലപ്പുറം സ്വദേശികളായ പാണ്ടിക്കാട്‌ തോണിക്കര മില്‍ഹാജ്(24), മേലാറ്റൂര്‍ ചെട്ടിയാന്‍ തൊടി മുഹമ്മദ് ഫാഹിം(23) എന്നിവരാണ് പോലീസ് പിടിയിലായത്. രണ്ടുപേരും തട്ടിപ്പ് സംഘത്തിന് കേരളത്തിലെ ബാങ്ക് അക്കൗണ്ട്‌ നല്‍കുകയും അതുവഴി വരുന്ന പണം പിന്‍വലിച്ച് മറ്റൊരു അക്കൗണ്ടിലൂടെ കൈമാറുകയാണ് ചെയ്തത്‌.