വടകരയിൽ കാർ ടാങ്കർ ലോറിയിലിടിച്ച് അപകടം; വൈദികൻ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്


വടകര: വടകര ദേശീയപാത മുക്കാളിയിൽ കാർ ടാങ്കർ ലോറിയിലിടിച്ച് ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. തലശ്ശേരി അതിരൂപതയിലെ ഫാദർ അബ്രഹാം (മനോജ്) പോൾ ഒറ്റപ്ലാക്കലാണ് മരിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം.

തലശ്ശേരി ഭാ​ഗത്തേക്ക് പോവുകയായിരുന്ന കാർ റോഡ് സെെഡിൽ നിർത്തിയിട്ട ഗ്യാസ് ടാങ്കർ ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ നാല് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഫാദർ അബ്രഹാം മരണപ്പെടുകയായിരുന്നു. മറ്റുള്ളവർ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്.

എറണാകുളത്ത് ഒരു ചടങ്ങിൽ പങ്കെടുത്തു മടങ്ങവെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാറിന്റെ മുൻവശം പൂർണ്ണമായി തകർന്ന നിലയിലാണ്. തലശ്ശേരി, മൈനർ സെമിനാറി വൈസ് റെക്ടർ ആണ് ഫാദർ അബ്രഹാം പോൾ.