ഉള്ള്യേരിയില്‍ കാര്‍ യാത്രക്കാരെ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ച സംഭവം; ബസ് ഡ്രൈവര്‍ റിമാന്റില്‍


ഉള്ള്യേരി: ഉള്ള്യേരിയില്‍ കഴിഞ്ഞ ദിവസം കാര്‍ യാത്രക്കാരെ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ റിമാന്റില്‍. കോഴിക്കോട് കുറ്റ്യാടി റൂട്ടിലോടുന്ന എടത്തില്‍ ബസ് ജീവനക്കാരനായ കുറ്റ്യാടി സ്വദേശി ഇജാസാണ് പിടിയിലായത്. പേരാമ്പ്രയില്‍ വച്ച് പേരാമ്പ്ര ഡിവൈഎസ്പി കുഞ്ഞിമൊയ്തീന്റെ സ്‌ക്വാഡും അത്തോളി എസ്.ഐ മുഹമ്മദലിയും സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്ത്.

ഉള്ള്യേരി കാഞ്ഞിരത്തിങ്കല്‍ ബിപിന്‍ലാലിനാണ്‌ മര്‍ദ്ദനമേറ്റത്. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് കേസിനാസ്പദമായ സംഭവം. സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കം മര്‍ദ്ദനത്തില്‍ കലാശിക്കുകയായിരുന്നു. കോഴിക്കോട് നിന്നും കുറ്റ്യാടിക്ക് പോവുന്നതിനിടെ ബിപിന്‍ലാല്‍ സഞ്ചരിച്ച കാര്‍ ബസിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ബസ് ജീവനക്കാര്‍ ഉള്ളിയേരി ഈസ്റ്റ്മുക്കില്‍ വച്ച് കാര്‍ തടഞ്ഞിട്ട് അക്രമം നടത്തുകയായിരുന്നു.

ബിപിന്‍ലാലിന്റെ കഴുത്തിനും തലക്കും, നെഞ്ചിലും മൂക്കിലും ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചു. അക്രമത്തില്‍ ഇയാളുടെ മൂക്കിന് പരിക്ക് പറ്റിയിട്ടുണ്ട്. തുടര്‍ന്ന് ബിപിന്‍ലാല്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നേടുകയും ചെയ്തു. കഴിഞ്ഞ ദിവസം വടകര കുട്ടോത്തും സമാനമായ രീതിയില്‍ സൈഡ് കൊടുക്കാത്തതില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ കാര്‍ യാത്രികനെ മര്‍ദ്ദിച്ചിരുന്നു.