കോഴിക്കോട്, വയനാട് ജില്ലകളിലെ നിപബാധിത മേഖലകളിലെ വവ്വാലുകളിൽ വീണ്ടും വൈറസ് സാന്നിധ്യം


കോഴിക്കോട്: കോഴിക്കോട്, വയനാട് ജില്ലകളിലെ പഴംതീനി വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം വീണ്ടും സ്ഥിരീകരിച്ച് എന്‍.ഐ.വിയുടെ പഠനറിപ്പോര്‍ട്ട്‌. നിപബാധിതമേഖലകളില്‍ നിന്ന് 2023 ഫെബ്രുവരി, ജൂലായ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ശേഖരിച്ച വവ്വാലുകളുടെ സ്രവങ്ങളുടെ പരിശോധന ഫലങ്ങളിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്.

കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര, മണാശ്ശേരി, കുറ്റ്യാടി, തളീക്കര, കള്ളാട്, വയനാട് ജില്ലയിലെ മാനന്തവാടി എന്നിവിടങ്ങളില്‍ നിന്നുമാണ് പൂണൈ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഗവേഷകര്‍ വവ്വാലുകളുടെ സ്രവങ്ങള്‍ ശേഖരിച്ചത്.

272 വവ്വാലുകളുടെ സ്രവങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കിയതില്‍ 20.9 ശതമാനത്തില്‍ നിപ വൈറസ് ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയിരുന്നു. ഒപ്പം 44 വവ്വാലുകളുടെ കരള്‍, പ്ലീഹ എന്നിവയില്‍ നിന്നും ശേഖരിച്ച സാമ്പിളുകളില്‍ നാലെണ്ണത്തില്‍ വൈറസ് സാന്നിധ്യവും കണ്ടെത്തി.

മുന്‍വര്‍ഷങ്ങളില്‍ നടത്തിയ പരിശോധനയിലും മേഖലയിലെ വവ്വാലുകളില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു. എന്നാല്‍ മുമ്പുണ്ടായിരുന്ന നിപ വൈറസുമായി 99 ശതമാനം ജനിതകസാമ്യമുള്ളവയാണ് ഇപ്പോള്‍ കണ്ടെത്തിയ വൈറസ്.