വിലങ്ങാട് ടൗണില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന; ശുചിത്വ പാലനത്തില്‍ വീഴ്ച വരുത്തിയ കാറ്ററിങ് സ്ഥാപനത്തിന് പിഴ ചുമത്തി


വാണിമേല്‍: വിലങ്ങാട് ടൗണിലെ ഹോട്ടലുകളിലും ബേക്കറികലും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. ഹെല്‍ത്തി കേരളയുടെ ഭാഗമായി കുടുംബാരോഗ്യകേന്ദ്രത്തിന്റെയും വാണിമേല്‍ ഗ്രാമപ്പഞ്ചായത്തിന്റെയും നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

പകര്‍ച്ചവ്യാധികള്‍ പിടിപെടാന്‍ സാധ്യതയുള്ള രീതിയില്‍ ശുചിത്വം പാലിക്കാതെ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച ശ്രീരാഗം കാറ്ററിങ് സ്ഥാപനത്തിന് 3000 രൂപ പിഴ ചുമത്തി. മഴക്കാലത്തോടനുബന്ധിച്ച് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ ശുചിത്വം പാലിക്കാനും ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നതിനും നിര്‍ദേശം നല്‍കി.

പരിശോധനയ്ക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ ജയരാജ്, ബി.എസ് വിപിന്‍ ലാല്‍, കെ.കെ ശ്രീജിത്ത്, സിജു പീറ്റര്‍, പി വിജയരാഘവന്‍ എന്നിവര്‍ പങ്കെടുത്തു.