63 ലക്ഷം രൂപയുടെ പ്രവൃത്തികള്‍; വടകരയിലെ ചരിത്ര പ്രസിദ്ധമായ ജൂബിലി കുളം നവീകരണ പ്രവൃത്തിക്ക് തുടക്കമായി


വടകര: വടകര നഗരത്തിലെ ചരിത്ര പ്രസിദ്ധമായ ജൂബിലി കുളം നവീകരണ പ്രവൃത്തിയ്ക്ക് തുടക്കമായി. നഗരസഭ 63 ലക്ഷം രൂപ ചെലവഴിച്ച് നവീകരിക്കുന്ന കുളത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.പി ബിന്ദു നിര്‍വഹിച്ചു. വൈസ് ചെയര്‍മാന്‍ പി സജീവ്കുമാര്‍ അധ്യക്ഷത വഹിച്ചു.

യു.എല്‍.സി.സി.എസ്. ആണ് നവീകരണ പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നത്. നാലുമാസംകൊണ്ട് പണികള്‍ പൂര്‍ത്തിയാക്കാനാണ് പദ്ധതിയിടുന്നതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. നഗരത്തിലെത്തുന്നവര്‍ക്ക് സമയം ചെലവിടാനും വിശ്രമിക്കാനും വ്യായാമത്തിനും കുളത്തിന്റെ പരിസരം ഉപയോഗപ്പെടുത്താവുന്ന വിധത്തിലാണ് നവീകരണം.

ചെളി നീക്കി, നശിച്ചുപോയ കല്‍പ്പടവുകള്‍ മുഴുവന്‍ മാറ്റി അടിഭാഗത്ത് കരിങ്കല്‍ ബെല്‍റ്റ് ഇട്ടതിനുശേഷം മുഴുവനായും ചെങ്കല്ലുകള്‍ ഉപയോഗപ്പെടുത്തി പടവുകള്‍ ഉണ്ടാക്കുകയാണ് ആദ്യം ചെയ്യുക. അതിനുചുറ്റും കല്ലുകള്‍ പതിച്ച നടപ്പാത, ഗ്രാനൈറ്റ് സീറ്റിങ്, ലാന്‍ഡ് സ്‌കേപ്പിങ്, ചെറിയ മരങ്ങള്‍, ചെടികള്‍, പുല്‍ത്തകിടി, പ്രവേശന കവാടം, ഗാര്‍ഡന്‍ ലൈറ്റ്സ്, ഗ്രീന്‍ ടെക്നോളജി സെന്റര്‍ വരെയുള്ള വഴിയില്‍ വശങ്ങളിലെ നടപ്പാതകളില്‍ ഇന്റര്‍ലോക്ക് പതിച്ച് വിളക്കുകാലുകള്‍ സ്ഥാപിച്ച് മോടി പിടിപ്പിക്കല്‍ എന്നിവ പൂര്‍ത്തിയാക്കും. ഭിന്നശേഷി, കാഴ്ചപരിമിതര്‍ എന്നിവരെക്കൂടി പരിഗണിച്ച് റാമ്പ്, ടാക് ടൈല്‍ പാവിങ് എന്നിവ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ചടങ്ങില്‍ എ.എസ് സുധീപ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം ബിജു, രാജിത പതേരി, എന്‍.കെ പ്രഭാകരന്‍, എ.പി പ്രജിത, സിന്ധു പ്രേമന്‍, കെ.സി പവിത്രന്‍, സി കുമാരന്‍, പി സോമശേഖരന്‍, എന്‍.കെ ഹരീഷ് തുടങ്ങിയവര്‍ സംസാരിച്ചു.