വടകര ഡിവൈഎസ്പിയുടെ ഔദ്യോഗിക വാഹനം കത്തിച്ച സംഭവം: വടകര സ്വദേശി അറസ്റ്റില്‍


വടകര: വടകര ഡിവൈഎസ്പിയുടെ ഔദ്യോഗിക വാഹനം കത്തിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. വടകര സ്വദേശി അബ്ദുള്‍ ജലീലാണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിച്ച് ഇയാളെ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.

താഴെ അങ്ങാടിയില്‍ ലീഗ് നേതാവ് ഫൈസലിന്‌റെ ചാക്ക് കടയിക്ക് തീയിട്ട ശേഷം സ്‌റ്റേഷനിലെത്തി ഇയാള്‍ ഡിവൈഎസ്പിയുടെ വാഹനത്തിന്‌ തീയിടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഫൈസലുമായുള്ള വ്യക്തി വൈരാഗ്യം കാരണമാണ് തീയിട്ടതെന്ന് ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.

അറസ്റ്റിലായ ജലീല്‍ മാനസിക അസ്വാസ്ഥ്യം നേരിടുന്നയാളെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു ഡിവൈഎസ്പിയുടെ വാഹനം കത്തി നശിച്ചത്‌. അഗ്നിശമന സേന സ്ഥലത്തെത്തിയപ്പോഴേക്കും വാഹനം പൂര്‍ണമായും കത്തി നശിച്ചിരുന്നു. സംഭവത്തിന് അരമണിക്കൂര്‍ മുമ്പായിരുന്നു ഫൈസലിന്റെ ചാക്ക് കടയ്ക്ക് നേരെ തീവെപ്പ് ശ്രമം നടന്നത്. കടയില്‍ നിന്നും തീ കത്തുന്നത് കണ്ട നാട്ടുകാര്‍ ഉടന്‍ തന്നെ തീ അണയ്ക്കുകയായിരുന്നു.