‘അപകടം വരുന്നത് വരെ കാത്ത് നില്‍ക്കണോ അധികൃതരേ’; ചോറോട് പെരുവാട്ടുംതാഴ ദേശീയപാതയോരത്ത് ഭീഷണിയായി ട്രാന്‍സ്ഫോമര്‍


ചോറോട്: പെരുവാട്ടുംതാഴ പുഞ്ചിരിമില്‍ പ്രദേശത്ത് ദേശീയപാതയിലേക്ക് ചരിഞ്ഞ് നില്‍ക്കുന്ന ട്രാന്‍സ്ഫോമര്‍ അപക ഭീഷണി ഉയര്‍ത്തുന്നു. ട്രാന്‍സ്ഫോമര്‍ വെച്ച പോസ്റ്റുകളില്‍ ഒന്നിന് വിള്ളലും വീണിട്ടുണ്ട്. വിള്ളല്‍ കൂടുന്നതോടെ ദേശീയപാതയിലേക്ക് വീഴാനുള്ള സാധ്യത കൂടുമെന്നതിനാല്‍ ഈ പ്രദേശത്ത് കൂടി കടന്നുപോവുന്നവര്‍ ആശങ്കയിലാണ്.

കഴിഞ്ഞ ഡിസംബറില്‍ ട്രാന്‍സ്ഫോമറിന്റെ അപകടാവസ്ഥ സംബന്ധിച്ച് മാധ്യമ റിപ്പോര്‍ട്ടുകള്‍ വന്നതിനെതുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല. കെ.എസ്.ഇ.ബി മുട്ടുങ്ങല്‍ സെക്ഷന് കീഴില്‍ വരുന്ന പുഞ്ചിരിമില്‍ ട്രാന്‍സ്ഫോമര്‍ ഇനിയൊരു  ശ്കതമായ കാറ്റിനെയോ മഴയെയോ പ്രതിരോധിക്കാനാകാത്ത അവസ്ഥയിലാണ്.

ദേശീയപാതാ പ്രവൃത്തി നടക്കുന്ന പ്രദേശമായതിനാല്‍ അനുബന്ധതൊഴിലാളികളും ഇവിടെയുണ്ടാവും ഇത് അപകടസാധ്യത ഇരട്ടിയാക്കുന്നു. പാത വികസനത്തിന്റെ ഭാഗമായി ഇലക്ട്രിക് ലൈനുകള്‍ മാറ്റി സ്ഥാപിക്കേണ്ടതുണ്ടെങ്കിലും അതിന് മുമ്പായിത്തന്നെ ജീവന് ഭീഷണിയുയര്‍ത്തുന്ന ട്രാന്‍സ്ഫോമര്‍ ശെരിയായ രീതിയില്‍ ഉറപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.