ടി.പി ഓര്‍മയായിട്ട് 11 വര്‍ഷം; ഓര്‍ക്കാട്ടേരിയില്‍ റെഡ് വളണ്ടിയര്‍ മാര്‍ച്ചും പ്രകടനവും സംഘടിപ്പിച്ചു


ഓര്‍ക്കാട്ടേരി: ടി.പി ചന്ദ്രശേഖരന്‍ പതിനൊന്നാം രക്തസാക്ഷി ദിനത്തില്‍ ഓര്‍ക്കാട്ടേരി റെഡ് വളണ്ടിയര്‍ മാര്‍ച്ചും പ്രകടനവും നടത്തി. വൈകുന്നേരം വെള്ളികുളങ്ങരയില്‍ നിന്നും ആരംഭിച്ച റെഡ് വളണ്ടിയര്‍ മാര്‍ച്ചും റാലിയും ഓര്‍ക്കാട്ടേരി ചന്ത മൈതാനിയില്‍ അവസാനിച്ചു.

തുടര്‍ന്ന് നടന്ന പൊതുസമ്മേളനം ആര്‍.എം.പി.ഐ ദേശീയ ചെയര്‍മാന്‍ കെ ഗംഗാധര്‍ ഉദ്ഘാടനം ചെയ്തു. ടി.പിയുടെ രക്തസാക്ഷിത്വം മറ്റ് രക്തസാക്ഷികളില്‍ നിന്ന് വ്യത്യസ്തമാകുന്നത് ഒരു കമ്യൂണിസ്റ്റ് നേതാവിനെ മറ്റൊരു കമ്യൂണിസ്റ്റ് പാര്‍ട്ടി ഇല്ലാതാക്കി എന്നതാണ്. ആശയ ഭിന്നതയുടെ പേരില്‍ ഒരു കമ്യൂണിസ്റ്റുകാരനെ ഇല്ലാതാക്കിയതിലൂടെ അത് ചെയ്തവര്‍ കമ്യൂണിസ്റ്റ് അല്ലാതായി മാറി എന്നും അദ്ദേഹം പറഞ്ഞു.

ജില്ലാസെക്രട്ടറി കുളങ്ങര ചന്ദ്രന്‍ അധ്യക്ഷനായി. കെ.സി ഉമേഷ് ബാബു, ടി.എല്‍.സന്തോഷ്, കെ.എസ്.ഹരിഹരന്‍, എന്‍.വേണു, കെ.കെ.രമ എംഎല്‍എ, എന്‍.പി ഭാസ്‌കരന്‍, ടി.കെ സിബി എന്നിവര്‍ സംസാരിച്ചു.

രാവിലെ ഒഞ്ചിയം ഏരിയയിലെ നൂറ് ബ്രാഞ്ചുകളില്‍ പ്രഭാതഭേരിയും രക്തസാക്ഷി പ്രതിജ്ഞയും നടന്നു. തൈവെച്ച പറമ്പത്ത് വീട്ടിലെ സ്മൃതികുടീരത്തില്‍ സംസ്ഥാന സെക്രട്ടറി എന്‍.വേണു പുഷ്പചക്രം സമര്‍പ്പിച്ചു. ജില്ലാ സെക്രട്ടറി കുളങ്ങര ചന്ദ്രന്‍ പതാക ഉയര്‍ത്തി.