ദേശീയപാത മുറിച്ചു കടക്കാൻ ഇടമില്ല: പ്രയാസത്തിലായത് പുതുപ്പണത്തുകാർ; മേൽപ്പാലമെന്ന ആവശ്യവുമായി നാട്ടുകാർ


വടകര: വടകരയിൽ ദേശീയപാത വികസന പ്രവർത്തനം ആരംഭിച്ചപ്പോൾ മുതൽ റോഡ് മുറിച്ചു കടക്കാൻ കഴിയാതെ ബുദ്ധിമുട്ടിലായിരിക്കുന്നത് പുതുപ്പണത്തുകാരാണ്. റോഡിന്റെ ഒരു ഭാഗത്ത് നിന്ന് മറുഭാഗത്തേക്ക് എത്താൻ കിലോ മീറ്ററോളം ചുറ്റി പോകേണ്ട അവസ്ഥ. ആറുവരിപ്പാതയ്ക്ക് മുകളിൽ പുതുപ്പണത്തും പാലയാട്ട് നടയിലും മേൽപ്പാലമോ ഫൂട്ട് ഓവർ ബ്രിഡ്ജോ വേണം എന്നാണ് നാട്ടുകാരുടെ ആവശ്യം. അധികൃതർ ഇത് അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ .

മൂരാട് പാലം മുതൽ കരിമ്പന പാലം വരെ നാലര കിലോമീറ്ററിൽ ദേശീയപാത മുറിച്ചു കടക്കാൻ ഇടമില്ല. റോഡിന് ഇരുവശവും ആയി നൂറുകണക്കിന് വീടുകൾ, ഹയർസെക്കൻഡറി ഉൾപ്പെടെ വിദ്യാലയങ്ങൾ, ആശുപത്രി, ഇറിഗേഷൻ ഓഫീസ്, ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയം, യൂണിവേഴ്സിറ്റി സെൻറർ, പോസ്റ്റ് ഓഫീസ്, ലൈബ്രറി അമ്പലങ്ങൾ തുടങ്ങിയവയുണ്ട്. പ്രദേശവാസികൾക്കും പുറത്തുനിന്ന് എത്തുന്നവർക്കും ഇവിടങ്ങളിൽ എത്തണമെങ്കിൽ കിലോമീറ്റർ ചുറ്റിതിരിയേണ്ടി വരുന്ന അവസ്ഥയാണ്. നഗരസഭയിലെ നാലോളം വാർഡുകൾ റോഡിന് ഇരുഭാഗങ്ങളിലുമായി വിഭജിച്ചുപോകും.

മൂരാട് മുതൽ പാലോളി പാലം വരെ കോൺക്രീറ്റ് റോഡ് ആയാണ് ദേശീയപാത വികസിപ്പിക്കുന്നത്. പണി പൂർത്തിയാവാറായി. പഴയ ചീനംവീട് യു .പി സ്കൂളിനടുത്ത് നിന്നാണ് റോഡ് പണി ആരംഭിക്കുന്നത്. ഇവിടെ ഒരു മേൽപ്പാലം ഓവർ ബ്രിഡ്ജ് പണിയണം എന്നാണ് നാട്ടുകാരുടെ ആവശ്യം.