ദേശീയപാതാ നിര്‍മാണം; വടകര മേഖലയിലെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തണം; എം.എല്‍.എയുടെ നേതൃത്വത്തില്‍ ഉന്നതസംഘം പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു


വടകര: ദേശീയപാത നിര്‍മ്മാണ പ്രവര്‍ത്തികളുടെ ഭാഗമായി നിരവധിയായ പ്രയാസങ്ങളെയും പ്രശ്‌നങ്ങളെയും അനുദിനം അഭിമുഖീകരിക്കുകയാണ് വടകരയിലെ ജനങ്ങള്‍. ഈ പ്രശ്‌നങ്ങള്‍ക്ക് എത്രയുംപെട്ടന്ന് പരിഹാരം കണ്ടെത്തി മുന്നോട്ട് പോവുന്നതിനായി എം.എല്‍.എയുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ പ്രശ്‌നബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി.

നാദാപുരം റോഡ്, മടപ്പള്ളി, മുക്കാളി, കുഞ്ഞിപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലെ അണ്ടര്‍ പാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വിലയിരുത്തി. നാദാപുരം റോഡില്‍ അണ്ടര്‍ പാസ് സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത പ്രദേശത്തെ ജനങ്ങള്‍ ഉദ്യോഗസ്ഥരോട് വിശദീകരിച്ചു. നിലവില്‍ മടപ്പള്ളിക്കും നാദാപുരം റോഡിനുമിടയിലായി ഊരാളുങ്കല്‍ സൊസൈറ്റിയോട് ചേര്‍ന്നാണ് അണ്ടര്‍ പാസ് അനുവദിച്ചിട്ടുള്ളത്. ഇത് നാദാപുരം റോഡിലെ മടപ്പള്ളി സ്‌കൂള്‍ ജങ്ഷനിലേക്ക് മാറ്റി സ്ഥാപിക്കണം എന്നതാണ് പ്രദേശവാസികളുടെ ആവശ്യം.

ആയിരക്കണക്കിന് കുട്ടികള്‍ പഠിക്കുന്ന മടപ്പള്ളി സ്‌കൂളിലെ കുട്ടികളുടെ യാത്രാപ്രശ്‌നം ഏറെ ഗൗരവമാണ്. ജില്ലയിലെ പ്രധാന സര്‍ക്കാര്‍ കോളേജ് ആയ മടപ്പള്ളി കോളേജ് സ്ഥിതിചെയ്യുന്ന സ്ഥലത്ത് അണ്ടര്‍ പാസ് അനുവദിക്കാത്തതും വലിയ  പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. ഈ പ്രശനങ്ങള്‍ നേരത്തെ തന്നെ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും ആവശ്യമായ പരിഗണന ലഭിച്ചിരുന്നില്ലെന്നും പറഞ്ഞു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുള്ള ദേശീയപാത ഡിവിഷണല്‍ ജനറല്‍ മാനേജരെ നേരില്‍കണ്ട് എം.എല്‍.എ ഈ ആവശ്യം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

മറ്റൊരു പ്രധാന പ്രശ്‌നമാണ് അശാസ്ത്രീയമായ നിര്‍മ്മാണത്തെ തുടര്‍ന്ന് പലയിടത്തും ജലവിതരണത്തിനായുള്ള പൈപ്പ് പൊട്ടുന്നത്. ഇങ്ങനെ പൈപ്പ് ലൈന്‍ പൊട്ടിയതിന്റെ ഭാഗമായി വടകര മേഖലയിലെ ജലവിതരണ സംവിധാനം ആകെ താറുമാറായിരിക്കുകയാണ്. പലവീടുകളിലും ഓഫീസുകളിലും ഷോപ്പുകളിലുമെല്ലാം ആഴ്ചകളായി ജലവിതരണം തടസപ്പെട്ടു കിടക്കുകയാണ് ഈ സ്ഥലങ്ങളിലും ഉന്നത് സംഘം സന്ദര്‍ശനം നടത്തി. പൊട്ടിയ പൈപ്പുകള്‍ ഉടന്‍ പുനഃസ്ഥാപിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കി.

ഇനിയുള്ള പ്രവൃത്തികള്‍ നടക്കുന്നതിനു മുന്‍പ് ജലവിതരണ പൈപ്പ് ലൈനിന്റെ സ്‌കെച്ച് നാഷണല്‍ ഹൈവേ അതോറിറ്റിക്ക് കൈമാറാന്‍ വാട്ടര്‍ അതോറിറ്റിയോട് എം.എല്‍.എ നിര്‍ദ്ദേശിച്ചു വാട്ടര്‍ അതോറിറ്റി വിഭാഗവും നാഷണല്‍ ഹൈവേ അതോറിറ്റിയും പ്രത്യേകം ഒരു ഉദ്യോഗസ്ഥനെ ഇത് മോണിറ്റര്‍ ചെയ്യുന്നതിനായി ചുമതലപ്പെടുത്താനും ഇവരുടെ മേല്‍നോട്ടത്തില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധം പൈപ്പ് ലൈനുകള്‍ക്കു കേടുപാടുകള്‍ സംഭവിക്കാതെ ശാസ്ത്രീയമായി പ്രവൃത്തികള്‍ നടത്താനും തീരുമാനിച്ചു.

കണ്ണൂക്കരയില്‍ വലിയ തോതില്‍ മണ്ണെടുത്ത സ്ഥലങ്ങളിലെ ഇരുവശത്തുമായി സ്ഥിതിചെയ്യുന്ന വീടുകളുടെ അപകടാവസ്ഥയും ഉദ്യോഗസ്ഥരെ നേരില്‍ കാണിക്കുകയുണ്ടായി. മഴക്കാലങ്ങളില്‍ ഇവിടെ നിന്നും മണ്ണിടിഞ്ഞു വീഴുന്നതിനാല്‍ വീട്ടുകാരും പ്രദേശവാസികളും വലിയ ആശങ്കയിലാണ്. വീടുകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായുള്ള അടിയന്തര നടപടികള്‍ കൈക്കൊള്ളണം. കുഞ്ഞിപ്പള്ളിയിലും മുക്കാളിയിലും നിലനില്‍ക്കുന്ന ഡ്രൈനേജ് നിര്‍മ്മാണത്തിലെ അപാകതകളും, ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്കുള്ള വഴി തടസപ്പെട്ടു കിടക്കുന്നതിന്റെ പ്രയാസവും ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു.

വലിയ ജനകീയ പ്രതിഷേധമാണ് ഈ പ്രദേശങ്ങളിലെല്ലാം നിലനില്‍ക്കുന്നത്. അതുകൊണ്ടു തന്നെ അര്‍ഹിക്കുന്ന ഗൗരവത്തില്‍ പ്രശ്‌നങ്ങള്‍ മനസിലാക്കി പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റി തയ്യാറാവണം എന്നും എം.എല്‍.എ നിര്‍ദ്ദേശിച്ചു. വിവിധ പ്രദേശങ്ങളിലെ ജനപ്രതിനിധികളും, രാഷ്ട്രീയപര്‍ട്ടി നേതൃത്വവും പ്രദേശവാസികളും എം.എല്‍.എയ്ക്ക് ഒപ്പമുണ്ടായിരുന്നു.