ദേശീയപാത വികസനം; മടപ്പള്ളിയിലെയും നാദാപുരം റോഡിലെയും അടിപ്പാതയ്ക്കായി ദേശീയപാത അതോറിറ്റി ഡിവിഷനല്‍ ജനറല്‍മാനേജര്‍ക്ക് നിവേദനം സമര്‍പ്പിച്ച് എം.എല്‍.എ


വടകര: ദേശീയപാത വികസനത്തിന്റെ ഭാഗമായി വടകരയിലെ വിവിധ സ്ഥലങ്ങളില്‍ അടിപ്പാത നിര്‍മാണവുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിറ്റി ഡിവിഷനല്‍ ജനറല്‍മാനേജര്‍ക്ക് നിവേദനം നല്‍കി എം.എല്‍.എ കെ.കെ രമ. മടപ്പള്ളിയില്‍ അടിപ്പാത നിര്‍മിക്കണമെന്നും നാദാപുരം റോഡില്‍ അനുവദിച്ച അടിപ്പാത മടപ്പള്ളി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ജംഗ്ഷനിലേക്ക് മാറ്റണമെന്നും മുക്കാളിയിലെ നിലവിലുള്ള അടിപ്പാത സംരക്ഷിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ  ആവശ്യപ്പെട്ടു.

ഇതുസംബന്ധിച്ച് തിരുവനന്തപുരത്ത് ദേശീയപാത അതോറിറ്റി ഡിവിഷനല്‍ ജനറല്‍മാനേജറായ അഭിഷേക് തോമസ് വര്‍ഗീസിനെ നേരില്‍കണ്ട് നിവേദനം സമര്‍പ്പിക്കുകയായിരുന്നു എം.എല്‍.എ. മടപ്പള്ളിയില്‍ കോളജ് അടക്കമുള്ള സ്ഥലങ്ങളിലേക്ക് പോകുന്നവര്‍ക്കും വെള്ളികുളങ്ങര വഴി കുറ്റ്യാടിയിലേക്ക് പോകുന്നവര്‍ക്കും പാത എളുപ്പ മാര്‍ഗമാവും. ഇവിടെ അടിപ്പാത അനുവദിക്കുകയാണെങ്കില്‍ മലയോര മേഖലയിലുള്ളവര്‍ക്കടക്കം ദേശീയപാത വഴി കണ്ണൂര്‍, കോഴിക്കോട് ഭാഗത്തേക്കു പോകാനും സൗകര്യ പ്രദമാവുമെന്നും എം.എല്‍.എ അറിയിച്ചു.

നാദാപുരം റോഡില്‍ അനുവദിച്ച അടിപ്പാത സ്‌കൂള്‍ കുട്ടികള്‍ക്ക് സൗകര്യമായ സ്‌കൂള്‍ ജങ്ഷന്‍ നില്‍ക്കുന്ന സ്ഥലത്തേക്കു മാറ്റണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ മുന്‍നിര്‍ത്തി നാഷനല്‍ ഹൈവേ ചുമതലയുള്ള മെമ്പര്‍ സെക്രട്ടറി വെങ്കിട് രമണയ്ക്ക് കത്തയച്ചതായും എം.എല്‍.എ അറിയിച്ചു.