കോഴിക്കോട്ട് കനാലിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു


കോഴിക്കോട്: സരോവരം ബയോപാർക്കിനു സമീപം കനോലി കനാലിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു. കുതിരവട്ടം പറയഞ്ചേരി ചൈത്രത്തിൽ എം.രജിതയാണ് മരിച്ചത്. അറുപത്തിയൊമ്പത് വയസായിരുന്നു.

ഞായറാഴ്ച രാവിലെ കനോലി കനാലിൽ മൃതദേഹം കണ്ടതിനെതുടര്‍ന്ന് വഴിയാത്രികര്‍ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ബീച്ച് ഫയർസ്റ്റേഷനിൽനിന്ന് ഒരു യൂണിറ്റ് എത്തി മൃതദേഹം പുറത്തെടുത്തു.

സംഭവത്തില്‍ മെഡിക്കൽ കോളജ് ഇൻസ്പെക്ടർ എം.എൽ.ബെന്നിലാലുവിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തുകയും വൈകുന്നേരത്തോടെ മൃതദേഹം തിരിച്ചറിയുകയും ചെയ്തു.

വിവാഹവുമായി ബന്ധപ്പെട്ട് മകനും കുടുംബവും ബന്ധുവീട്ടിൽ പോയി തിരിച്ചെത്തിയപ്പോഴാണ് രജിതയെ കാണാതായ വിവരമറിയുന്നത്. തുടര്‍ന്ന് ബന്ധുവീടുകളിൽ അന്വേഷണം നടത്തുന്നതിനിടയിലാണ് കനോലി കനാലില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതായി ശ്രദ്ധയില്‍പെട്ടത്. ഉടന്‍ തന്നെ മകന്‍ മെഡിക്കൽ കോളജ് പൊലീസുമായി ബന്ധപ്പെട്ട് മോർച്ചറിയിലെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു.