പുക ഉയര്‍ന്നതിനു പിന്നാലെ തീപ്പടര്‍ന്നു; ആയഞ്ചേരിയില്‍ ഓട്ടത്തിനിടയില്‍ കാറിനു തീപിടിച്ചു


വടകര: ആയഞ്ചേരിയില്‍ കാര്‍ കത്തി നശിച്ചു. മേമുണ്ട സ്വദേശി പുത്രോളി രാജേന്ദ്രനും കുടുംബവും സഞ്ചരിച്ച കാറാണ് കത്തിനശിച്ചത്. ശനിയാഴ്ച രാത്രി 7.40 ഓടെ മെയില്‍ റോഡില്‍ ഡേ മാര്‍ട്ടിന് സമീപത്തായിരുന്നു സംഭവം. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

വടകരയിൽ നിന്ന് കടമേരിയിലെ വിവാഹത്തിന് പങ്കെടുക്കാൻ കുടുംബസമേതം പുറപ്പെട്ട  കെ.എല്‍ 14 ടി 4833 റിനോള്‍ഡ് കിഡ് കാറാണ് അഗ്‌നിക്കിരയായത്. രാജേന്ദ്രന്റെ മകന്‍ അശ്വിന്‍ രാജാണ് കാറോടിച്ചിരുന്നത്.

വാഹനത്തിന്റെ മുൻഭാഗത്തു നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെ തന്നെ ഡ്രൈവർ വാഹനം റോഡ് അരികിൽ നിർത്തുകയും വാഹനത്തിലുള്ളവരെ പുറത്തിറക്കുകയും ചെയ്തത് കൊണ്ട് വൻ അപകടം ഒഴിവായി . പുക ഉയർന്നതിനു തോട്ടു പിന്നാലെ തന്നെ തീ ഉയരുകയും അത് ആളി കത്തുകയും ചെയ്തു.

ഓടിക്കൂടിയ നാട്ടുകാരും വിവരമറിഞ്ഞ് വടകരയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും ചേര്‍ന്ന് തീ അണച്ചു. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് സംശയിക്കുന്നു.  വടകരയിൽ നിന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.ടി രാജിവന്റെ നേതൃത്വത്തിലുള്ള ഒരു യൂണിറ്റ് സേനയാണ് സംഭവ സ്ഥലത്ത് എത്തി നിമിഷങ്ങൾ കൊണ്ട് തീ അണച്ചത്.

അഗ്നിശമന പ്രവർത്തനത്തിൽ ഫയർ ആൻ്റ് റെസ്‌ക്യു ഓഫീസർമാരായ ജെയ്‌സൽ. കെ, ആദർശ് വി. കെ, റിജേഷ് കുമാർ, ലികേഷ് വി എന്നിവർ പങ്കെടുത്തു. കാർ കത്തിയ റോഡിനടുത്തുള്ള കെട്ടിടത്തിനു ഭാഗികമായ കേടു സംഭവിക്കുകയും, അവിടെ സൂക്ഷിച്ച 10 ചാക്ക് കാലിത്തീറ്റയും കത്തി നശിച്ചു.