‘ടിപി സംഘട്ടനത്തില്‍ കൊല്ലപ്പെട്ടതല്ല, സ്‌കെച്ച് ചെയ്ത് ഫോളോ ചെയ്ത് കൊന്നതാണ്’; ടിപി ചന്ദ്രശേഖരന്റെ വീട്ടില്‍ നിന്നും ഇലക്ഷന്‍ പ്രചാരണത്തിന് തുടക്കം കുറിച്ച് ഷാഫി പറമ്പില്‍, വടകര ഇലക്ഷന്‍ ചൂടിലേക്ക്


വടകര: കെ.കെ രമ എംഎല്‍എയുടെ വീട്ടില്‍ നിന്നും ഇലക്ഷന്‍ പ്രചാരണത്തിന് തുടക്കമിട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. രമയുടെ വീട്ടിലെത്തിയ ഷാഫിയെ പി.വേണു പൊന്നാടയണിച്ച് സ്വീകരിച്ചു. ശേഷം മാധ്യമങ്ങളോട് സംസാരിച്ച ഷാഫി കൊലപാതതക രാഷ്ട്രീയത്തിന് എതിരായിട്ടുള്ള നിലപാട് ഞങ്ങള്‍ എല്ലാകാലത്തും ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ടെന്നും, ടിപി ഒരു സംഘട്ടനത്തില്‍ കൊല്ലപ്പെട്ടതല്ല. സ്‌കെച്ച് ചെയ്ത് സ്ഥലം സ്ഥലം തീരുമാനിച്ച് ഫോളോ ചെയ്ത് മാര്‍ക്ക് ചെയ്ത് കൊന്നതാണ്. ഓര്‍ഗനൈസേഷണല്‍ കില്ലിങ്ങാണത്. അതിനെതിരെ എക്കാലത്തും നിലപാട് എടുത്തിട്ടുണ്ടെന്നും അത് തിരഞ്ഞെടുപ്പിനും മുമ്പും ശേഷവും ഉണ്ടാവുമെന്നും പറഞ്ഞു.

ബിജെപി ജയിക്കുമെന്ന് സിപിഎം എന്തിനാ ഇങ്ങനെ പറഞ്ഞോണ്ടിരിക്കുന്നത്, പാലക്കാട് യുഡിഎഫ് തന്നെ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വടകരയിലെ യുഡിഎഫ് നേതാക്കള്‍ക്കൊപ്പം വീട്ടിലെത്തിയ ഷാഫി വീട്ടുകാരോട് ഏറെ നേരം സംസാരിച്ചു. ശേഷം മുല്ലപ്പള്ളി രാമചന്ദ്രന്റെ വീട്ടിലു സന്ദര്‍ശനം നടത്തുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. വടകര ടൗണില്‍ ഇന്നലെ വന്‍ വരവേല്‍പ്പായിരുന്നു ഷാഫിക്ക് ലഭിച്ചത്. ആയിരക്കണക്കിന് പ്രവർത്തകരാണ് ഷാഫിയെ കാണാനും സ്വീകരിക്കാനുമായി കോട്ടപ്പറമ്പ് മെെതാനത്തിൽ സംഘടിപ്പിച്ച കൺവെൻഷനിലേക്ക് ഒഴുകിയെത്തിയത്.

വെെകീട്ട് ആറ് മണിയോടുകൂടി വടകരയിലെത്തിയ ഷാഫിയെ പുതിയ ബസ് സ്റ്റാന്റ് പരിസരം മുതൽ കോട്ടപ്പറമ്പ് വരെ ശിങ്കാരി മേളം, ബാന്റ് മേളം ഉൾപ്പെടെയുള്ളവയുമായി വമ്പൻ സ്വീകരണമാണ് പ്രവർത്തകർ നൽകിയത്. ഷാഫി പറമ്പിലിനെ വടകര പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് തുറന്ന വാഹനത്തില്‍ റോഡ് ഷോ ആയിട്ടാണ് കൺവെൻഷൻ നടക്കുന്ന കോട്ടപ്പറമ്പ് മെെതാനിയിൽ എത്തിച്ചത്.