വടകര ആര്‍.പി.എഫിന് ബിഗ് സല്യൂട്ട്; യാത്രക്കാരായ കുടുംബം തീവണ്ടിയില്‍ മറന്ന 12 പവന്‍ സ്വര്‍ണമടങ്ങിയ ബാഗ് കണ്ടെത്തി തിരികെ ഏല്‍പ്പിച്ചു


വടകര: യാത്രക്കാരായ കുടുംബം തീവണ്ടിയില്‍ മറന്നുവെച്ച 12 പവന്‍ സ്വര്‍ണാഭരണങ്ങളടങ്ങിയ ബാഗ് വടകര ആര്‍.പി.എഫ്. ടീം കണ്ടെത്തി ഉടമയെ തിരിച്ചേല്‍പ്പിച്ചു. റിട്ട. ബി.എസ്.എഫ്. ഡെപ്യൂട്ടി കമാന്‍ഡന്റ് പാലക്കാട് വാണിയംകുളത്തെ ടി ഉണ്ണികൃഷ്ണന്റെയും കുടുംബത്തിന്റെയും കൈയ്യില്‍ നിന്നും നഷ്ടപ്പെട്ട ബാഗാണ് ആര്‍.പി.എഫ്. കണ്ടെത്തി നല്‍കിയത്.

ചെന്നൈയില്‍നിന്ന് വരുകയായിരുന്ന യാത്രക്കാര്‍ ബാഗ് തീവണ്ടിയില്‍ വെച്ച് മറന്നു പോവുകയായിരുന്നു. പിന്നീട് ഇവര്‍ ഷൊര്‍ണൂരില്‍ ഇറങ്ങുകയും ചെയ്തു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. കുറെസമയം കഴിഞ്ഞാണ് ബാഗ് മറന്നുവെച്ച വിവരം ഓര്‍മവന്നത്. ഉടന്‍ ആര്‍.പി.എഫിന്റെ കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചു.

കോച്ച് നമ്പറും സീറ്റ് നമ്പറും സഹിതം വിവരം വടകര ആര്‍.പി.എഫ്. യൂണിറ്റിലുമെത്തി. അപ്പോഴേക്കും വണ്ടി കോഴിക്കോട് സ്റ്റേഷന്‍ വിട്ടിരുന്നു. വടകരയില്‍ ആര്‍.പി.എഫ്. ഉദ്യോഗസ്ഥര്‍ വണ്ടിയില്‍ കയറി സീറ്റ് പരിശോധിച്ചപ്പോള്‍ സീറ്റിനടിയില്‍ നിന്നും ബാഗ് ലഭിച്ചു. പരിശോധനയില്‍ നഷ്ടപ്പെട്ട ബാഗാണെന്ന് വ്യക്തമായി.

ഏതാണ്ട് അഞ്ച് ലക്ഷം രൂപ വിലവിരുന്ന സ്വര്‍ണമാണ് ഉണ്ടായിരുന്നത്. ഉണ്ണികൃഷ്ണനും കുടുംബവും വടകര സ്റ്റേഷനിലെത്തി ആര്‍.പി.എഫില്‍നിന്ന് ബാഗ് ഏറ്റുവാങ്ങി.