യശ്വന്ത്പൂർ – കണ്ണൂർ എക്‌സ്പ്രസില്‍ വന്‍ കവര്‍ച്ച; 20 പേരുടെ ഫോണും പണവും നഷ്ടപ്പെട്ടു, ബാഗുകള്‍ ശൗചാലയത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍


കണ്ണൂര്‍: യശ്വന്ത്പൂര്‍ – കണ്ണൂര്‍ എക്‌സ്പ്രസില്‍ വന്‍ കവര്‍ച്ച. ഇരുപത് പേരുടെ ഐഫോണുകളും പണവും ആഭരങ്ങളും നഷ്ടപ്പെട്ടു. സേലത്തിനും ധര്‍മ്മപൂരിക്കും ഇടയില്‍വച്ച് ഇന്ന് പുലര്‍ച്ചെയാണ് കവര്‍ച്ച നടന്നത്.

എസി കോച്ചുകളിലാണ് പ്രധാനമായും കവര്‍ച്ച നടന്നത്. തുടര്‍ന്ന് യാത്രക്കാര്‍ സേലത്ത് ഇറങ്ങി പോലീസില്‍ പരാതി നല്‍കി. യാത്രക്കാര്‍ ഉറങ്ങുന്ന സമയത്തായിരുന്നു സംഭവം.

കവര്‍ച്ച നടത്തിയ ശേഷം മോഷ്ടാക്കള്‍ ബാഗുകള്‍ ട്രെയിനിലെ ശൗചാലയത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. ബാഗുകള്‍ ഇവിടെ നിന്നും കണ്ടെത്തിയതോടെയാണ് മോഷണവിവരം പുറത്തറിഞ്ഞത്.

രാവിലെ കണ്ണൂരിലെത്തിയ ട്രെയിന്‍ ആര്‍പിഎഫും റെയില്‍വേ പോലീസും സംയുക്തമായി പരിശോധന നടത്തി. മോഷണം നടന്നതായി പറയുന്ന എസി കോച്ചുകളും സംഘം പരിശോധിച്ചു.