പി.സി ഷീബ വില്ല്യാപ്പള്ളി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു


വില്ല്യാപ്പള്ളി: കോണ്‍ഗ്രസ് വില്ല്യാപ്പള്ളി ബ്ലോക്ക് പ്രസിഡന്റായി പി.സി ഷീബ ചുമതലയേറ്റു. ജില്ലയിലെ ഒരു ബ്ലോക്ക് പ്രസിഡന്റ് പദം വനിതയ്ക്ക് നീക്കി വെച്ചതിന്റെ ഭാഗമായാണ് ഷീബയുടെ നിയമനം. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയാണ് പുതിയ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരെ നിയമിച്ചത്.

പുതിയ ചുമതല സന്തോഷപൂര്‍വ്വം ഏറ്റെടുക്കുമെന്നും പാര്‍ട്ടിയുടെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ഷീബ വടകര ഡോട് ന്യൂസിനോട് പറഞ്ഞു.
പ്രിയദര്‍ശിനി ബാലസംഘത്തിലൂടെയാണ് ഷീബയുടെ രാഷ്ട്രീയത്തിലേക്കുള്ള കടന്നു വരവ്. ഇതിനോടകം തന്നെ നിരവധി ഭാരവാഹിത്വങ്ങളും ഷീബ ഏറ്റെടുത്തിട്ടുണ്ട്.

1990ല്‍ സേവികദള്‍ കോഡിനേറ്റര്‍ മേപ്പയ്യൂര്‍ ബ്ലോക്ക്. 2008ല്‍ മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി മെമ്പര്‍, 2009ല്‍ മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി കോഴിക്കോട്, 2005ല്‍ മണിയൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍, 2010 തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍, 2014ല്‍ മഹിളാ കോണ്‍ഗ്രസ് കുറ്റ്യാടി നിയോജക മണ്ഡലം പ്രസിഡന്റ് തുടങ്ങിയ ചുമതലകളിലെല്ലാം ഷീബ മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെച്ചു.

2017ല്‍ കോഴിക്കോട് ജില്ലാ ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ കോപ്പററ്റീവ് സൊസൈറ്റി ഡയറക്ടറായും 2020ല്‍ തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പറായും തദ്ദേശ സഹകരണ സ്ഥാപനങ്ങളുടെ പദവിയിലും ഷീബ തിളങ്ങി നിന്നു.
നിലവില്‍ മഹിള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും വില്ല്യാപ്പള്ളി കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് മെമ്പറുമാണ്.