രണ്ടാം ദിനം ആവേശകരം; സിപിഎം ഒഞ്ചിയം ഏരിയാ കമ്മറ്റി സംഘടിപ്പിക്കുന്ന വോളിബോള്‍ ടൂര്‍ണമെന്റില്‍ തിളക്കമാര്‍ന്ന വിജയം നേടി ടീം ഖേലോ ഇന്ത്യ


വടകര: ഒഞ്ചിയം രക്തസാക്ഷിത്വത്തിന്റെ 75ാംവാര്‍ഷികത്തോടനുബന്ധിച്ച് സിപിഎം ഒഞ്ചിയം ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന അഖില കേരള വോളിബോള്‍ ടൂര്‍ണ്ണമെന്റിന്റെ രണ്ടാം ദിന മത്സരത്തില്‍ വനിതാ വിഭാഗത്തില്‍ തിളങ്ങുന്ന നേട്ടം സ്വന്തമാക്കി ടീം ഖേലോ ഇന്ത്യ. നിറഞ്ഞ ഗ്യാലറിക്ക് മുന്നില്  തകർപ്പൻ സ്മാഷുകളും ബ്ലോക്കുകളും ജമ്പ് സർവ്വുകളുമായി കളിക്കളം നിറഞ്ഞാടിയാണ് ഖേലോ ഇന്ത്യ വിജയത്തിന്റെ നെറുകയിലെത്തിയത്.

മത്സരത്തിന്റെ ചടുലതകൊണ്ടും പോരാട്ട വീര്യംകൊണ്ടും ഖേലോ ഇന്ത്യ മൂന്ന് സെറ്റായി നടന്ന  കളിയെ തങ്ങളുടെ വരുതിയിലാക്കുകയായിരുന്നു. ഓര്‍ക്കാട്ടേരി ചന്ത മൈതാനിയില്‍ പ്രത്യേകം സജ്ജമാക്കിയ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മത്സരം കാണാന്‍ നിരവധി പേരാണ് ഗ്യാലറിയില്‍ ഇടം പിടിച്ചത്. വിജയത്തിലേക്കുള്ള ഓരോ ചുവടിലും താരങ്ങള്‍ക്ക് കരുത്ത് പകരാനായി വടകരയിലെ കായിക പ്രേമികളുടെ നിറഞ്ഞ കരഘോഷങ്ങളും കൂട്ടുണ്ടായിരുന്നു.

മെയ് 8 മുതല്‍ 14 വരെ ഏഴു ദിവസം നീണ്ടു നില്‍ക്കുന്ന മത്സരത്തില്‍ ദേശീയ, അന്തര്‍ ദേശീയ തലത്തില്‍ അറിയപ്പെടുന്ന കളിക്കാരടങ്ങുന്ന 6 പുരുഷ ടീമുകളും 4 വനിതാ ടീമുകളും മാറ്റുരക്കും.പുരുഷ വിഭാഗത്തില്‍ ബിപിസിഎല്‍ കൊച്ചി, കെഎസ്ഇബി, തണ്ടര്‍ ബോള്‍ട്ട്, കൊച്ചിന്‍ കസ്റ്റംസ്, വനിതാ വിഭാഗത്തില്‍ കേരള പൊലീസ്, അല്‍ഫോന്‍സ കോളേജ് പാല, സെന്റ് ജോസഫ് , ഖേലോ ഇന്ത്യ തുടങ്ങിയ ടീമുകളും തുടര്‍ന്നുള്ള ദിവസങ്ങളിലെ മത്സരങ്ങളില്‍ പങ്കെടുക്കും.

ഇന്റര്‍നാഷണലുകളായ ജെറോം വിനീത്, മുത്തു സ്വാമി, അജിത്ത് ലാല്‍, അഖിന്‍ജാസ്, രോഹിത്ത്, രാഹുല്‍, എറിന്‍ വര്‍ക്കി, ഇക്ബാല്‍, അന്‍സബ് അശ്വല്‍റായ് കാര്‍ത്തിക് നന്ദന, ആര്യ, അനുദേവി ശരണ്യ, അനഘ, അഭിരാമി, റോസ്‌മേരി ടൈറ്റസ് തുടങ്ങിയവരും വിവിധ ടീമുകള്‍ക്കായി അണിനിരക്കും.

പുരുഷ വിഭാഗത്തില്‍ മൂന്ന് ടീമുകള്‍ വീതം രണ്ടു പൂളുകളായി തിരിച്ചു ഓരോ പൂളില്‍ നിന്നുമുള്ള വിജയികള്‍ തമ്മിലാണ് ഫൈനല്‍ മത്സരം നടത്തുക. വനിതാ വിഭാഗത്തില്‍ റൌണ്ട് റോബിന്‍ രീതിയിലാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. എല്ലാ ദിവസവും വനിതാ ടീമുകളുടെ മത്സരം രാത്രി ഏഴിനും തുടര്‍ന്ന് പുരുഷ ടീമുകളുടെ മത്സരവും നടക്കും.

ആവേശം ചോരാതെ മത്സരം കാണുന്നതിനായി ഗാലറിയും കസേരയും അടക്കം 4000 പേര്‍ക്കുള്ള സൗകര്യം മൈതാനിയില്‍ ഒരുക്കിയിട്ടുണ്ട്. സീസണ്‍ ടിക്കറ്റിനു പുറമേ ഓരോ ദിവസത്തെയും മത്സരം കാണാനുള്ള ടിക്കറ്റുകളും സ്റ്റേഡിയത്തിനു അനുബന്ധമായുള്ള കൗണ്ടറില്‍ ലഭ്യമാകും.