വടകരയില്‍ ലോറി കെ.എസ്.ആര്‍.ടി.സി. ബസിന് പിന്നിലിടിച്ച് അപകടം; അഞ്ചുപേര്‍ക്ക് പരിക്ക്


വടകര: വടകരയില്‍ ലോറി കെ.എസ്.ആര്‍.ടി.സി. ബസിന്റെ പിറകിലിടിച്ച് അഞ്ചുപേര്‍ക്ക് നിസ്സാര പരിക്ക്. ബസ് രണ്ട് കാറുകളിലും തട്ടി. ദേശീയപാതയില്‍ പാര്‍ക്കോ- ഇഖ്റ ആശുപത്രിക്ക് മുന്നില്‍ ബുധനാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം.

വടകരയില്‍നിന്ന് കക്കട്ട് വഴി കുമ്പളച്ചോലയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസ് പാര്‍കോയ്ക്ക് മുന്നിലെ സ്റ്റോപ്പില്‍ നിര്‍ത്തി ആളെക്കയറ്റുന്നതിനിടെയാണ് പിറകില്‍നിന്നുവന്ന ലോറി ബസിലിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബസ് ഇടതുവശത്തേക്ക് നീങ്ങിയാണ് രണ്ട് കാറുകളില്‍ തട്ടിയത്.

കാറുകളില്‍ ആളില്ലാത്തതിനാല്‍ അപകടം ഒഴിവായി. ഒരു കാറിന് സാരമായ കേടുപാട് പറ്റി. പരിക്കേറ്റവര്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി.