ഖേലോ ഇന്ത്യക്കെതിരെ കേരള പൊലീസിന്റെ ‘ലാത്തിച്ചാർജ്’; ഒഞ്ചിയത്ത് നടക്കുന്ന അഖില കേരളാ വോളിബോൾ ടൂർണ്ണമെന്റ് വനിതാ വിഭാഗം ഫൈനലില്‍ കേരളാ പൊലീസിന് മിന്നുന്ന ജയം 


വടകര: അഖില കേരള വോളിബോള്‍ ടൂര്‍ണമെന്റിന്റെ അവസാന ദിനമായ ഞായറാഴ്ച കലാശപ്പോരാട്ടത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് മത്സരം കത്തിക്കയറുമ്പോള്‍ വനിതാവിഭാഗം ഫൈനലില്‍ വിജയം സ്വന്തമാക്കി കേരള പോലീസ്. കേരള പോലീസും ഖേലോ ഇന്ത്യയും തമ്മില്‍ നടന്ന പൊരിഞ്ഞ പോരാട്ടത്തിനൊടുവിലാണ് കേരള പോലീസിന്റെ മിന്നുന്ന ജയം.

മത്സരത്തില്‍ ഒന്നാമത്തെ സെറ്റില്‍ 15 നെതിരേ 25 ഉം രണ്ടാമത്തെ സെറ്റ് 21 നെതിരേ 25 ഉം മൂന്നാമത്തെ സെറ്റില്‍ 18 നെതിരേ 25 ഉം പോയിന്റ് നേടിയാണ് കേരള പോലീസ് വനിതാ വിഭാഗം ഫൈനല്‍ പിടിച്ചെടുത്തത്.

ഫൈനലിന്റെ ആവേശത്തിമര്‍പ്പില്‍ നില്‍ക്കുന്ന മൈതാനി ഗ്യാലറിയിലെ കാണികള്‍ ഹര്‍ഷാരവത്തോടെയാണ് കേരളാപൊലീസിന്റെ വിജയം ഏറ്റെടുത്തത്. വനിതാവിഭാഗത്തിലെ വിജയികളെ കണ്ടെത്തിയതിന് ശേഷം ബി.പി.സി.എല്‍ കൊച്ചിയും കെഎസ്ഇബിയും ഏറ്റുമുട്ടുന്ന പുരുഷവിഭാഗത്തില്‍ മത്സരവിജയം ആര്‍ക്കൊപ്പമെന്നറിയാനുള്ള ആകാംക്ഷയിലാണ് ഗ്യാലറിയിലെ ഓരോ കായിക പ്രേമിയും.

ആവേശരാവുകള്‍ക്ക് വിടപറയാനായതിന്റെ നിരാശയും ഓരോ കാണിയിലും കാണാനാകും. ഒഞ്ചിയം രക്തസാക്ഷിത്വത്തിന്റെ 75ാംവാര്‍ഷികത്തോടനുബന്ധിച്ച് സിപിഎം ഒഞ്ചിയം ഏരിയ കമ്മിറ്റി മെയ് 8 മുതല്‍ സംഘടിപ്പിച്ച ഏഴു ദിവസം നീണ്ടു നില്‍ക്കുന്ന അഖില കേരള വോളിബോള്‍ ടൂര്‍ണ്ണമെന്റിന്റെ അവസാന ദിനമാണ് ഞായറാഴ്ച.