ചതിയിലൂടെ തോൽപ്പിച്ചതിന് പ്രതികാരം വീട്ടാന്‍ മഞ്ഞപ്പടയെത്തുന്നു; കേരള ബ്ലാസ്റ്റേഴ്‌സും ബെംഗളൂരു എഫ്.സിയും വീണ്ടും ഏറ്റുമുട്ടും, വേദി കോഴിക്കോട്


കോഴിക്കോട്: ലക്ഷക്കണക്കിന് ആരാധകരില്‍ രോഷവും നിരാശയും ഉണ്ടാക്കിയ മത്സരമായിരുന്നു ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐ.എസ്.എല്‍) പ്ലേ ഓഫിലെ കേരള ബ്ലാസ്റ്റേഴ്‌സ്-ബെംഗളൂരു എഫ്.സി പോരാട്ടം. സുനില്‍ ഛേത്രിയുടെ വിവാദ ഗോളിനെ തുടര്‍ന്ന് ബെംഗളൂരു ഏകപക്ഷീയമായി ജയിച്ച മത്സരമായിരുന്നു അത്. ഛേത്രിയുടെ ഗോള്‍ അനുവദിച്ചതില്‍ പ്രതിഷേധിച്ച് ടീമംഗങ്ങളെ കോച്ച് തിരിച്ച് വിളിച്ചിരുന്നു. കോച്ചിന്റെത് ശരിയായ തീരുമാനമാണെന്ന് പറഞ്ഞുകൊണ്ട് നിരവധി ആരാധകരാണ് ബ്ലാസ്റ്റേഴ്‌സിന് പിന്തുണയുമായി എത്തിയത്.

ഇപ്പോഴിതാ, ചതിയിലൂടെ നേടിയ ഗോളില്‍ വിജയിച്ച ബെംഗളൂരുവിനെ ഗ്രൗണ്ടില്‍ നേരിട്ട് പ്രതികാരം വീട്ടാന്‍ ബ്ലാസ്റ്റേഴ്‌സിന് അവസരം ലഭിച്ചിരിക്കുകയാണ്. 2023 ലെ ഹീറോ സൂപ്പര്‍ കപ്പിലാണ് ഇരുടീമുകളും വീണ്ടും ഏറ്റുമുട്ടാന്‍ പോകുന്നത്. ടൂര്‍ണ്ണമെന്റിന്റെ ഫിക്‌സ്ചര്‍ പുറത്ത് വന്നപ്പോള്‍ കേരളവും ബെംഗളൂരുവും ഒരേ ഗ്രൂപ്പിലാണ്. ഗ്രൂപ്പ് എ യിലാണ് ഇരു ടീമുകളുമുള്ളത്.

ഏപ്രില്‍ 16 നാണ് ഇരുടീമുകളും ഏറ്റുമുട്ടുക. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയമാണ് മത്സരവേദി. ഏപ്രില്‍ മൂന്ന് മുതല്‍ 25 വരെ നടക്കുന്ന ഹീറോ സൂപ്പര്‍ കപ്പിന് കോഴിക്കോടിന് പുറമെ മഞ്ചേരിയും വേദിയാവും. ഐ.എസ്.എല്ലിലെയും ഐ ലീഗിലെയും ക്ലബ്ബുകളാണ് സൂപ്പര്‍ കപ്പില്‍ മാറ്റുരയ്ക്കും. ഏപ്രില്‍ ആറ് വരെ ക്വാളിഫൈയിങ് മത്സരങ്ങളാണ് നടക്കുക.

ഇരു ടീമുകളും ഏറ്റുമുട്ടുമ്പോള്‍ ഗ്രൗണ്ടില്‍ തീ പാറുമെന്ന് ഉറപ്പാണ്. ചതിക്ക് പകരം ചോദിക്കേണ്ടതിനാല്‍ വര്‍ധിത വീര്യത്തോടെയാവും ബ്ലാസ്‌റ്റേഴ്‌സിന്റെ പടയെത്തുക.

ഐ.എസ്.എല്‍ പ്ലേ ഓഫില്‍ എക്‌സ്ട്രാ ടൈമിലേക്ക് കടന്ന മത്സരത്തിനിടെയാണ് ഛേത്രിയുടെ വിവാദ ഗോള്‍ പിറക്കുന്നത്. ഫ്രീ കിക്ക് ലഭിച്ചപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ താരങ്ങളോ ഗോളിയോ തയ്യാറെടുക്കുന്നതിനും റഫറി വിസില്‍ മുഴക്കുന്നതിനും മുന്നേ പന്ത് തട്ടിത്തെറിപ്പിച്ച് വലയിലെത്തിക്കുകയായിരുന്നു ഛേത്രി.

പ്ലേ ഓഫ് മത്സരം വീണ്ടും നടത്തണമെന്ന് ബ്ലാസ്റ്റേഴ്‌സ് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനോട് ആവശ്യപ്പെട്ടെങ്കിലും ഫെഡറേഷന്‍ ആവശ്യം അംഗീകരിച്ചില്ല. തിങ്കളാഴ്ച ചേര്‍ന്ന അച്ചടക്ക സമിതിയാണ് ഈ തീരുമാനമെടുത്തത്.