ഇന്‍ഷുറന്‍സില്ലാത്ത ബൈക്കിടിച്ച് മണിയൂര്‍ മന്തരത്തൂര്‍ സ്വദേശിയായ അഭിഭാഷകന്‍ മരിച്ച കേസ്; 86.49 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി


വടകര: ഇന്‍ഷുറന്‍സ് ഇല്ലാത്ത ബൈക്കിടിച്ച് മണിയൂര്‍ സ്വദേശിയായ അഭിഭാഷകന്‍ മരിച്ച കേസില്‍ 86,49,400 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. വടകര എം.എ.സി.ടി കോടതി ജഡ്ജി കെ രാമകൃഷ്ണനാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. വാഹനമോടിച്ച മണിയൂര്‍ മുതുവന വാഴയില്‍ വി ശ്രീരൂപാണ് 71,49,400 രൂപ നല്‍കേണ്ടത്.

വടകര ബാറിലെ അഭിഭാഷകന്‍ മണിയൂര്‍ മന്തരത്തൂര്‍ ശ്രീഹരിയില്‍ കുന്നാരപൊയില്‍ മീത്തല്‍ കെ.എം പ്രേമന്‍ (42) ബൈക്കിടിച്ച് മരിച്ച കേസിലാണ് വിധി വന്നിരിക്കുന്നത്. 2020 ജനുവരി 22നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നോട്ടറി പബ്ലിക് ആന്‍ഡ് ലോയറായ പ്രേമനെ വടകര അടക്കാത്തെരു ജങ്ഷനില്‍ വെച്ച് സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ ബൈക്കിടിക്കുകയായിരുന്നു.

86,49,400 രൂപയില്‍ ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനമോടിച്ച വി ശ്രീരൂപ് 71,49,400 രൂപ ഒമ്പതു ശതമാനം പലിശ സഹിതം നല്‍കണം. കൂടാതെ പ്രേമന്‍ സഞ്ചരിച്ച സ്‌കൂട്ടറിന് ആര്‍.സി ഉടമക്കുള്ള ഇന്‍ഷുറന്‍സ് ഉള്ളതിനാല്‍ വിധി സംഖ്യയില്‍ 15 ലക്ഷം രൂപ ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയും നല്‍കേണ്ടതാണ്.