കെ.കെ. രമയ്‌ക്കെതിരായ അപവാദ പ്രചാരണത്തിനെതിരെ കേസ്; എം.വി ഗോവിന്ദനും സച്ചിന്‍ ദേവിനും ദേശാഭിമാനിക്കുമെതിരെ മാനനഷ്ട കേസ് കൊടുക്കുമെന്ന് ആര്‍എംപി


വടകര: കെ.കെ. രമ എംഎല്‍എയ്‌ക്കെതിരായ അപവാദ പ്രചാരണങ്ങള്‍ക്കെതിരെ മാനനഷ്ട കേസ് കൊടുക്കുമെന്ന് ആര്‍എംപി. എംവി ഗോവിന്ദനും സച്ചിന്‍ ദേവിനും ദേശാഭിമാനിക്കും എതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് ആര്‍എംപി അറിയിച്ചു.

രമയ്‌ക്കെതിരായ ആക്രമണം സിപിഐഎം കേന്ദ്രങ്ങളില്‍ നടന്ന ആലോചനയുടെ ഭാഗമാണെന്നും രമയ്‌ക്കെതിരായ വധഭീഷണിയും നിയമസഭയിലെ സംഘര്‍ഷവും സിപിഐഎം കേന്ദ്രങ്ങളുടെ അറിവോടെയാണെന്നും ആര്‍എംപി ആരോപിച്ചു. ഇക്കാര്യങ്ങള്‍ നിയമസഭാ സമിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്ത് നല്‍കുമെന്ന് അവര്‍ അറിയിച്ചു.

നേരത്തെ വ്യാജ പ്രചാരണം നടത്തിയെന്നാരോപിച്ച് സച്ചിന്‍ ദേവ് എംഎല്‍എക്കെതിരെ കെ.കെ. രമ സ്പീക്കര്‍ക്കും സൈബര്‍ പോലീസിനും പരാതി നല്‍കിയിരുന്നു. സച്ചിന്‍ ദേവിന്റെ പോസ്റ്റാണ് തനിക്കെതിരായ സൈബര്‍ ആക്രമണത്തിന് തുടക്കമിട്ടതെന്നും വ്യാജവാര്‍ത്ത നിര്‍മ്മിച്ച് അപമാനിക്കാന്‍ ശ്രമിച്ചെന്നുമായിരുന്നു കെ.കെ. രമയുടെ പരാതി.