ഇലക്ട്രിക് വണ്ടിയുമെടുത്ത് സാന്റ്ബാങ്ക്‌സിലേക്കിനി ധൈര്യമായി പോവാം; ചാര്‍ജ് തീര്‍ന്ന് വഴിയില്‍ കിടക്കേണ്ടി വരില്ല


വടകര: ടൂറിസ്റ്റ് കേന്ദ്രമായി വികസിച്ച സാന്റ്ബാങ്ക്‌സില്‍ ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങി. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലൂടെ പരിസ്ഥിതി മലിനീകരണം കുറക്കാനും ഇന്ധനചെലവ് ലാഭിക്കുന്നതിനുമായി നടപ്പിലാക്കിയ പോള്‍മൗണ്ട് പദ്ധതിയുടെ ഭാഗമായാണ് ചാര്‍ജിംഗ് സ്റ്റേഷന്‍ സ്ഥാപിച്ചത്.

ടൂറിസ്റ്റ് കേന്ദ്രത്തില്‍ നിരവധി പേര്‍ ഇലക്ട്രിക് വാഹനവുമായി എത്താറുണ്ടെങ്കിലും ചാര്‍ജിങ്ങിനായി സംവിധാനമില്ലാത്തത് അവരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. അതിന് പരിഹാരമായി വടകര എംഎല്‍എ കെ.കെ.രമയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നാണ് അഴിത്തല വാര്‍ഡിലെ സാന്റ്ബാങ്ക്‌സില്‍ ചാര്‍ജിങ്ങ് സ്റ്റേഷന്‍ അനുവദിച്ചത്. ബാക്കിയുള്ള നാല് ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ വിവിധ ഇടങ്ങളിലായി സ്ഥാപിക്കും.

ചാര്‍ജ് ചെയ്യുന്നതിനു മുമ്പ് ഇതിന്റെ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തുവേണം നടപടി പൂര്‍ത്തിയാക്കാന്‍. ചാര്‍ജിംഗ് സ്റ്റേഷന്‍ പ്രവര്‍ത്തന സജ്ജമാക്കിയത് ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് വലിയ ആശ്വാസമായി മാറിയിരിക്കുകയാണ്.