‘വടകരയിലെ കുടിവെള്ള വിതരണം അവതാളത്തില്‍’; പ്രതിഷേധ ധർണ്ണയുമായി യുഡിഎഫ് കൗൺസിലർമാർ


വടകര: വടകര നഗരസഭ പ്രദേശത്ത് വാട്ടർ അതോറിറ്റി വിതരണം ചെയ്യുന്ന ഉപ്പ് കലർന്ന കുടിവെള്ളത്തിന് ഉടൻ പരിഹാരം കാണണമെന്ന്‌ ആവശ്യപ്പെട്ട് വടകര നഗരസഭയിലെ യുഡിഎഫ് കൗൺസിലർമാർ വടകര വാട്ടർ അതോറിറ്റി ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ധർണ്ണ കോട്ടയിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

വേനൽക്കാലത്ത് കഴിഞ്ഞ കുറച്ച് വർഷങ്ങളായി നഗരസഭ പ്രദേശത്ത് കുടിവെള്ളത്തിൽ ഉപ്പ് കലരുന്നത് പതിവായിരിക്കുകയാണ്. പൂർണ്ണമായും പൈപ്പ് വെള്ളം മാത്രം ആശ്രയിക്കുന്ന ജനങ്ങൾ കടുത്ത വേനലിൽ കുടിവെള്ളം കിട്ടാതെ പ്രയാസപ്പെടുകയാണെന്ന് കൗണ്‍സിലര്‍മാര്‍ പറഞ്ഞു.

എൻ.പി. അബ്ദുള്ള ഹാജി, എം.പി. അബ്ദുൽ കരീം, വി.കെ പ്രേമൻ എന്നിവർ പ്രസംഗിച്ചു. വി.കെ. അസീസ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. പ്രദീശൻ സി.വി സ്വാഗതവും പി.വി. ഹാഷിം നന്ദിയും പറഞ്ഞു.

എ.പ്രേമകുമാരി, പി.കെ.സി അഫ്സൽ, പി രജനി, അജിത ചീരാംവീട്ടിൽ , ടിപി സത്യഭാമ, വിവി നിസാബി ടീച്ചർ, ടി റജീന, കെകെ ഫാസിദ, പി ഫൗസിയ, പി റൈഹാനത്ത്, സി കെ ശ്രീജിന, കെപി ഷാഹിമ എന്നിവർ നേതൃത്വം നൽകി.